അഭിമാന താരങ്ങളായി മാറിയ എൻസിസി കേഡറ്റുകളെ  അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറിയിരിക്കുകയാണ് കേരളത്തിലെ എൻസിസി കേഡറ്റുകൾ. ദേശീയതലത്തിലെ ഏറ്റവും മികച്ച കേഡറ്റിനുള്ള സ്വർണ്ണ പതക്കമുൾപ്പെടെ ആറു മെഡലുകൾ കേരളം സ്വന്തമാക്കി. റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമായ മത്സരങ്ങളിലാണ് കേരള-ലക്ഷദ്വീപ് എൻ സി സി പ്രതിനിധിസംഘം ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ബെസ്റ്റ് കേഡറ്റ് മത്സരങ്ങളിൽ പങ്കെടുത്ത ആറു പേരും മെഡലുകൾ നേടി. മൂന്നു സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും രണ്ടു വെങ്കല മെഡലുകളും കേരളം സ്വന്തമാക്കി.

പ്രധാനമന്ത്രി നേരിട്ട് നൽകുന്ന ആറ് ബാറ്റണുകളിൽ മൂന്നെണ്ണമാണ് കേരള ഡയറക്ടറേറ്റിൽ നിന്നുള്ള കേഡറ്റുകൾ നേടിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 17 എൻസിസി ഡയറക്ടറേറ്റുകൾ പങ്കെടുത്ത മത്സരത്തിൽനിന്നാണീ തിളക്കമാർന്ന മുന്നേറ്റം.

സീനിയർ ഡിവിഷൻ (ആർമി) വിഭാഗത്തിൽ അഖിലേന്ത്യാ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിലെ (ഒറ്റപ്പാലം 28 കെ ബറ്റാലിയൻ) മാധവ് എസ് സ്വന്തമാക്കി. സീനിയർ ഡിവിഷൻ (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്) കുരുവിള കെ അഞ്ചേരിലിനാണ്.

സീനിയർ വിംഗ് (ആർമി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ്ണമെഡൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ (21 കെ ബറ്റാലിയൻ ) കീർത്തി യാദവിനാണ്. ഈ മൂന്ന് സ്വർണ്ണ വിജയികൾ 2022 ജനുവരി 28ന് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയിൽനിന്ന് നേരിട്ട് പതക്കങ്ങൾ സ്വീകരിക്കും.

സീനിയർ വിംഗ് (നേവി) വിഭാഗത്തിൽ ബെസ്റ്റ് കേഡറ്റിനുള്ള വെള്ളി മെഡൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ (എറണാകുളം 7കെ നേവൽ യൂണിറ്റ്) മീനാക്ഷി എ നായർ കരസ്ഥമാക്കി. സീനിയർ ഡിവിഷൻ (എയർ) വിഭാഗത്തിൽ തിരുവനന്തപുരം എംജി കോളേജിലെ (1കെ എയർ സ്ക്വാഡ്രൺ) അർജുൻ വേണുഗോപാൽ, സീനിയർ വിംഗ് (എയർ) വിഭാഗത്തിൽ എം ജി കോളേജിൽ നിന്നുതന്നെയുള്ള എം അക്ഷിതയും വെങ്കലം നേടി.

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിനും സംസ്ഥാനത്തെ കേഡറ്റുകൾക്കാകെയും അഭിമാനം പകരുന്ന മിന്നുന്ന വിജയമാണിതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോവിഡിന്റെയും കൊടുംതണുപ്പിന്റെയും പ്രതികൂലതകളെ ഒരുമിച്ചു നേരിടേണ്ടിവന്നു താരങ്ങൾക്ക്. ജേതാക്കളെയും ഡയറക്ടറേറ്റിനെയും മന്ത്രി ഡോ. ആർ ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News