ട്രാൻസ്ജെൻഡർ അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവ് പ്രഖ്യാപിച്ച് സർക്കാർ

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സംഭവത്തില്‍ എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തതെന്ന പരാതിയിലാണ് അന്വേഷണം നടത്തുക.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിജിലന്‍സിന്  നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ  ഗുരുതര ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അനന്യ ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ചത്. ഒരു വര്‍ഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടര്‍ന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു സുഹൃത്തുക്കള്‍ പരാതിപ്പെട്ടത്.

അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അനന്യയ്ക്ക്  സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളും  വിശദമായി അന്വേഷിക്കും.

2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News