ബിഹാറിൽ ടൂറിസം മന്ത്രിയുടെ മകനെതിരെ നാട്ടുകാരുടെ പരാതി;ഒരാളെ വെടിവെച്ചെന്നു നാട്ടുകാർ

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ വെടിവെച്ച് ബി.ജെ.പി മന്ത്രിയുടെ മകന്‍

ബിഹാറില്‍ ബി.ജെ.പി മന്ത്രിയുടെ മകന്‍ കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി വാർത്തകൾ .ടൂറിസം മന്ത്രി നാരയണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു കുമാര്‍ ആണ് തന്റെ തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ വെടിവെച്ചത് എന്നാണ് ആരോപണം. ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരനിലായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പേടിപ്പിക്കുന്നതിന് വേണ്ടി ബബ്ലു കുമാര്‍ ആകാശത്തേക്ക് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടികള്‍ക്ക് നേരെ തന്നെയും വെടിവെച്ചുവെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.സംഭവത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു.


ഇതിന് പിന്നാലെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.നാരയണ്‍ പ്രസാദിന്റെ സഹോദരനും മകന്‍ ബബ്ലു കുമാറിനൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തിന് പിന്നാലെ ബബ്ലു കുമാറിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.ഇയാളുടെ കയ്യില്‍ നിന്നും ഗ്രാമവാസികള്‍ തോക്ക് പിടിച്ച് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

സര്‍ക്കാര്‍ വാഹനത്തില്‍ വന്നിറങ്ങിയ ആള്‍ക്ക് പിറകെ ഗ്രാമവാസികള്‍ ഓടുന്നതും ഇയാള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതും തുടര്‍ന്ന് മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാര്‍ തകര്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും ബബ്ലു കുമാറിന്റെ കയ്യില്‍ തോക്ക് വ്യക്തമായി കാണുന്നുണ്ട്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ പൊലീസ് വിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here