കേരളം മൊത്തം ആധുനീകരിക്കണം, കെ റെയില്‍ വരട്ടെ…കവി എസ് ജോസഫ്

കെ റെയിലിനെ പിന്തുണച്ച് കവി എസ് ജോസഫ് രംഗത്ത്. മെട്രോ ട്രെയിന്‍, കെ റെയില്‍ എന്നീ മോഡേണൈസേഷന്‍സ് നല്ലതാണെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം കേരളം മൊത്തം ആധുനീകരിക്കണമെന്നും ആവശ്യപ്പെട്ടു. പരിസ്ഥിതി കവിതയെഴുതാന്‍ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ലെന്നും പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെ. റെയിലിനെ , മെട്രോ സൗകര്യങ്ങളെ , അതുപോലുള്ള ചില കാര്യങ്ങളെ ഞാന്‍ അനുകൂലിക്കുന്നത് ഒരു അടിസ്ഥാനമനുഷ്യന്‍ എന്ന നിലയിലാണ്. 16 വിമാനങ്ങളില്‍ കവിതയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താല്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ട്രെയിന്‍ യാത്രകള്‍ ,ബസ് യാത്രകള്‍ വേറെ. ഈ സൗകര്യങ്ങളാണ് എന്നെ കവിയെന്ന നിലയില്‍ വളരാന്‍ കുറേ സഹായിച്ചിട്ടുള്ളത്.
ആര്‍നോള്‍ഡ് ടോയിന്‍ബി പറയുന്ന സഞ്ചാര മാര്‍ഗം ഇതാണ്. കപ്പലില്‍ ഞാന്‍ പോയിട്ടില്ല.
ഇംഗ്ലീഷ് സംസാരിക്കാന്‍ ഇപ്പോഴും പ്രയാസമുളള എന്നെ പാഴ്ഭൂമി എന്ന എലിയറ്റിന്റെ കടിച്ചാല്‍ പൊട്ടാത്ത കവിത വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നത് ഇന്റര്‍നെറ്റാണ്. ഈ സൗകര്യങ്ങള്‍ മഹാ പണ്ഡിതനായ അയ്യപ്പണിക്കര്‍ക്ക് ലഭിക്കാതെ വന്നുതുകൊണ്ടാണ് ആ വിവര്‍ത്തനം വായിച്ചാല്‍ നമുക്കൊന്നും മനസ്സിലാവാത്തത്. അജ്ഞേയതയെ പേടിക്കുന്നു ചിലര്‍ ചിലര്‍ വാഴ്ത്തി നടക്കുന്നു എന്ന് ഇടശ്ശേരി പറഞ്ഞത് വേസ്റ്റ് ലാന്റിനെക്കുറിച്ചല്ല. അങ്ങനെ തോന്നിപ്പോകാം എന്നു മാത്രം.
ഓണ്‍ലൈനില്‍ ധാരാളം പുസ്തകങ്ങള്‍ ലഭ്യമായതു കൊണ്ടാണ് എനിക്ക് ജിപ്‌സി ചരിത്രവും ചിത്രകലാചരിത്രവും ശില്പകലാ ചരിത്രവും എഴുതാന്‍ സാധിച്ചത്. ടോയില്‍ബി പറയുന്ന ആശയ വിനിമയ മാര്‍ഗവും പ്രധാനമാണ്. കേരളത്തിലിരുന്നു കൊണ്ട് ലോകത്തുള്ള പലരുമായും കുറച്ചെങ്കിലും ഞാന്‍ സംവദിച്ചിട്ടുണ്ട്. എഫ്. ബി , വാട്‌സ് ആപ്പ് ഒക്കെ വരുന്നതിനുമുമ്പ് ഈ മെയിലുകളിലൂടെയാണ് ഞാന്‍ സംവദിച്ചിരുന്നത്. അങ്ങനെയാണ് ഇന്ത്യയില്‍ ചിലസ്ഥലങ്ങളിലെങ്കിലും.
പോയി കവിത ചൊല്ലാന്‍ പറ്റിയത്. ആശയവിനിമയം ഇല്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും. തൊണ്ണൂറുകളില്‍ തന്നെ ഞാന്‍ അല്പം കമ്പ്യൂട്ടര്‍ സാക്ഷരത നേടിയിരുന്നു. 2001 ല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു. ബ്രണ്ണനിലെ ലൈബ്രറിയനായ രാമന്‍ നായര്‍ സാറാണ് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നത്. 2005-ല്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി. അതിനു മുമ്പേ ഈ മെയില്‍ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ താണ ജാതിക്കാരുടെ ജീവിതം, ദരിദ്രരുടെ ജീവിതം അങ്ങനെയല്ലാത്തവര്‍ക്ക് മനസിലാവില്ല. ഞാനത് അനുഭവിച്ചിട്ടുണ്ട്. എന്നേപ്പോലുള്ളവര്‍ക്ക് നഷ്ടപ്പെടാന്‍ പേരില്‍ വാലില്ല. മതം നഷ്ടപ്പെട്ടാല്‍ ഒന്നുമില്ല. ജാതി നഷ്ടപ്പെട്ടാല്‍ ഏറെ സന്തോഷം. അടിസ്ഥാന മനുഷ്യരെ മുന്നോട്ട് അല്പമെങ്കിലും കൊണ്ടുപോയിട്ടുള്ളത് മീന്‍സ് ഓഫ് കമ്യൂണിക്കേഷനും മീന്‍സ് ഓഫ് കണ്‍ വെയന്‍സുമാണ്. ഈ രണ്ടു കാര്യങ്ങള്‍ പാവങ്ങളുടെ അവസ്ഥയെ കുറേയെങ്കിലും മെച്ചപ്പെടുത്തിയേക്കാം. ഉറപ്പൊന്നുമില്ല. പക്ഷേ എന്നേയും എന്നേ പോലുള്ളവരേയും നിരന്തരം പാര്‍ശ്വവല്‍ക്കരിക്കുന്നവരോട് ഞാന്‍ ഇതല്ലാതെ മറ്റെന്ത് പറയാനാണ്?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here