അശോകന്‍ ചരുവിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സുനില്‍ പി. ഇളയിടം

പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സുനില്‍ പി. ഇളയിടം.സംവാദസാധ്യതകള്‍ തന്നെയില്ലാതാക്കുന്ന ഹീനമായ സൈബര്‍ ആക്രമണമാണ്. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും അതിനെ ഉറച്ചുനിന്നെതിര്‍ക്കണം പ്രിയപ്പെട്ട അശോകന്‍ ചരുവിലിന് സ്‌നേഹാഭിവാദനം!,’ സുനില്‍ പി. ഇളയിടം എഴുതി

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയായിരുന്നു പു.ക.സ സെക്രട്ടറി അശോകന്‍ ചരുവിലിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായത്.കെ റെയിലിനെ അനുകൂലിച്ചെഴുതിയ പോസ്റ്റിന്റെ ഒരു ഭാഗം മാത്രം എടുത്തായിരുന്നു പ്രചരണം.

തന്റെ സുഹൃത്തിന്റെ മൂന്ന് സെന്റ്സ്ഥലം ഏറ്റെടുത്തപ്പോള്‍ 32 ലക്ഷം രൂപ സര്‍ക്കാര്‍ നലകിയിരുന്നു എന്ന ഭാഗം മാത്രം സ്‌ക്രീന്‍ ഷോട്ട് എടുത്ത് കെ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പണം നല്‍കി എന്ന തരത്തിലായിരുന്നു പ്രചരിപ്പിച്ചത്.ദേശീയപാതാ സ്ഥലമെടുപ്പിനെക്കുറിച്ച് ഞാന്‍ എഴുതിയത് ഒരു ഭാഗം കട്ട് ചെയ്‌തെടുത്ത് കെ. റെയില്‍ ആക്കി ആക്രമിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഒരു അധ്യാപകനും കൂട്ടുകാരും. ഇത്രയേയുള്ളു പരിസ്ഥിതി,’ എന്നായിരുന്നു അശോകൻ ചരുവിൽ ഫേസ്ബുക്കില്‍ കുറിച്ചത്.

അശോകൻചരുവിൽ കെ റെയിലിനെ പറ്റി എഫ് ബി യിൽ കുറിച്ചത് ഇങ്ങനെ
കെ.റെയില്‍ പദ്ധതിയെ അനുകൂലിക്കുന്ന ആളാണ് ഞാന്‍. ആധുനിസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വേഗതയേറിയ ഗതാഗതസൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അര്‍ഹതയും യോഗ്യതയുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ എന്നു ഞാന്‍ കരുതുന്നു. പട്ടിണികിടക്കുന്നവന് കെ.റെയില്‍ കൊണ്ടെന്ത് കാര്യം എന്നാണ് ചിലര്‍ ചോദിക്കുന്നത്. വികസനപരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പട്ടിണികിടക്കുന്നവനേക്കാള്‍ പരിഗണിക്കേണ്ടത് പണിയെടുക്കുന്നവനെയാണ്. കാരണം അവനാണ് സമൂഹത്തെ ബാധിക്കുന്ന ഭീകരമായ ‘ദാരിദ്ര്യരോഗം’ മാറ്റുന്നയാള്‍.

പദ്ധതിയെ അനുകൂലിക്കുമ്പോള്‍ തന്നെ അതുമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളെപ്പറ്റി ഞാന്‍ ആശങ്കാകുലനായിരുന്നു. കാരണം വികസനത്തിനുവേണ്ടി കുടിയൊഴിയേണ്ടിവന്ന ജനതകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആ ആശങ്ക മാറിയിരിക്കുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പട്ടവര്‍ക്ക് ഈയിടെ ലഭിച്ച നഷ്ടപരിഹാരമാണ് ആ അനുഭവം.

ദേശീയപാത എന്റെ അയല്‍ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. പാതവികസിപ്പിക്കുന്നതിനും ഭൂമിഏറ്റെടുക്കുന്നതിനുമെതിരെ നിരന്തര സമരങ്ങള്‍ അവിടെ നടന്നിരുന്നു. സി.പി.ഐ.എം.എല്‍, ആര്‍.എം.പി (തളിക്കുളം), ഹിന്ദു / മുസ്‌ലിം തീവ്രവാദസംഘങ്ങള്‍, ഒരുവിഭാഗം പരിസ്ഥിതിപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നാണ് സമരങ്ങള്‍ നടത്തിയത്. ന്യായമായ വില ഭൂമിക്ക് കിട്ടും എന്ന വാഗ്ദാനം സ്വീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. സമരംമൂലം ഭൂമി ഏറ്റെടുക്കലും പാതാവികസനവും വര്‍ഷങ്ങള്‍ വൈകി സമരക്കാരുടെ പ്രചരണത്തിന് വശംവദരായി നഷ്ടപരിഹാരം കിട്ടില്ല എന്നു കരുതി തങ്ങളുടെ ഭൂമി തീരെ കുറഞ്ഞവിലക്ക് വിറ്റ് സ്ഥലം വിട്ടവരുണ്ട്.

ഇപ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്റെ ഒരു സുഹൃത്ത് കഴിഞ്ഞദിവസം വിളിച്ചിരുന്നു. ഏറ്റെടുക്കാന്‍ പോകുന്ന 3 സെന്റ് ഭൂമിക്ക് അദ്ദേഹത്തിന് 32 ലക്ഷം രൂപ വില കിട്ടി എന്നറിയിക്കാന്‍ വിളിച്ചതാണ്. അദ്ദേഹം അതുകൊണ്ട് വീട് പുതുക്കിപ്പണിയാന്‍ പോകുന്നു. പലര്‍ക്കും കോടിക്കണക്കിന് രൂപ കിട്ടിയതിന്റെ കഥയും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബൂം ഇല്ലാതായി ഭൂമിവില തീരെകുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ഓര്‍ക്കണം.

ദേശീയപാതാ സ്ഥലമെടുപ്പ് സംരംഭത്തേക്കാള്‍ മികച്ച വില കെ-റെയിലിനുവേണ്ടി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭ്യമാക്കും എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എങ്കില്‍പോലും ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്നു മാറിതാമസിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മാനസീകവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കേണ്ടതുണ്ട്. തൊഴില്‍ നഷ്ടപ്പെടുക എന്നതാണ് അതില്‍ പ്രധാനം. അതുകൂടി പരിഹരിക്കാന്‍ കെ.റെയില്‍ അധികാരികള്‍ ശ്രദ്ധിക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here