വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികൻ്റെ ക്വട്ടേഷൻ. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്പാടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതികളായ പത്തുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ജയ്പൂരിൽ സൈനികനായി ജോലി നോക്കുന്ന കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സന്ദീപാണ് വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇടക്കുളങ്ങര കോ തേരിൽ വീട്ടിൽ അമ്പാടിയെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനത്തിൽ ക്വട്ടേഷൻ നൽകിയത്. 23 ന് ഉച്ചയ്ക്ക് 3 മണിക്ക് അമ്മയ്ക്കും, സഹോദരിയ്ക്കുമൊപ്പം വീട്ടിൽ ഉണ്ടായിരുന്ന അമ്പാടിയെ വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.
എന്തിനാണ് അക്രമിക്കപ്പെട്ടതെന്നറിയാതെ സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പാടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെൺകുട്ടികളുമായി വഴക്കുണ്ടായ കാര്യം പറയുന്നത്, തുടർന്ന് പെൺകുട്ടികളുടെ ഫോണിൽ നിന്നാണ് അമ്പാടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തഴവ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ വിഷ്ണു, വവ്വാക്കാവ് സ്വദേശി അലി ഉമ്മർ, കുലശേഖരപുരം സ്വദേശികളായ മണി, നബീൽ, ചങ്ങൻകുളങ്ങര സ്വദേശികളായ ഗോകുൽ, ചന്തു, തൊടിയൂർ സ്വദേശി മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതി ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു, കഷണ്ടി ഫൈസൽ എന്ന ഫൈസൽ എന്നിവർക്ക് കരുനാഗപ്പള്ളി, ഓച്ചിറ , കായംകുളം എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ലഹരി നൽകി പ്രചോദിപ്പിച്ചാണ് ഒന്നാം പ്രതിയും, സൈനികനും ചേർന്ന് മറ്റുള്ള പ്രതികളെ കൃത്യത്തിൽ ഉൾപ്പെടുത്തിയത്.
സൈനികൻ്റെ നിർദ്ദേശപ്രകാരം അക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സൈനികൻ വഴി പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.