
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുളള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകള്‍ ദിലീപ് മാറ്റിയതായും റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ മൂന്ന് ദിവസമായി നടത്തിയ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ മൂന്ന് ദിവസമായി 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ശക്തമായ തെളിവാകേണ്ട അഞ്ച് മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ മാറ്റിയതായി കണ്ടെത്തി.
ദിലീപിന്‍റെയും അനൂപിന്‍റെയും രണ്ട് മൊബൈലുകളും സൂരജിന്‍റെ ഒരു ഫോണുമാണ് മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്തത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ശബ്ദരേഖകളുടെ ഫൊറന്‍സിക് ഫലം ഇനിയും പരിശോധിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ വ്യക്തമാക്കി.
ദിലീപ് അടക്കമുളള പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുമായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വിശദമായ ചോദ്യം ചെയ്യല്‍. പ്രതികളുമായി അടുപ്പമുളളവരെയും ഇതിനിടയില്‍ വിളിച്ചുവരുത്തിയിരുന്നു. സംവിധായകന്‍ റാഫി, അരുണ്‍ ഗോപി, വ്യാസന്‍ എടവനക്കാട്, ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ജീവനക്കാര്‍, അഡ്വ. സജിത്ത് അടക്കമുളളവരെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി. ഇവര്‍ ദിലീപിന്‍റെ ശബ്ദസാമ്പിള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാലചന്ദ്രകുമാറിന്‍റെ മൊഴികളെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ ദിലീപിന്‍റേതടക്കം മൊഴികളില്‍ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കും. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതുകൊണ്ട് തന്നെ അന്വേഷണ സംഘം വ്യാഴാഴ്ച നല്‍കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here