
രാജ്യം 73ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ്പഥില്‍ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാവും. എന്നാല്‍ പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് ഇത്തവണ ഇല്ല.
കേരളം അയച്ച ഫ്ലോട്ട് മാതൃക അവസാന ഘട്ടം വരെ ഇടംപിടിച്ചിരുന്നെങ്കിലും പിന്നീട് ജൂറി തള്ളുകയായിരുന്നു. അടുത്ത മാസങ്ങളിൽ തെരഞ്ഞെടപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ഫ്ലോട്ടിൽ ഇടം നൽകാനായി കേരളം, തമിഴ്നാട്, ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞുവെന്ന ആരോപണങ്ങളും ശക്തമായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിനുള്ള നിശ്ചലദൃശ്യത്തിന് ജടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്.
ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃക ജൂറി മാറ്റുവാൻ പറയുകയായിരുന്നു. ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ മാതൃകയാണ് കവാടത്തിന് നൽകിയത്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നൽകി. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി.
പകരം ആദ്യ ഭാഗത്ത് ആദി ശങ്കരാചാര്യരുടെ പ്രതിമ ആയിക്കൂടേ എന്നും ചോദിച്ചു. ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താം എന്ന് കേരളം പ്രതികരിച്ചു. ആദ്യ സ്കെച്ച് മാറ്റി ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ ചേർത്ത് മറ്റൊരു മാതൃക കേരളം നൽകി. മുന്നിലെ ട്രാക്ടറിൽ ശിവഗിരിക്കുന്നും ശ്രീനാരായണ ഗുരുവും, പിന്നിലെ ട്രോളിയിൽ ജടായുപ്പാറ. ഇതായിരുന്നു ഒടുവിൽ നൽകിയ മാതൃക.
ഇതംഗീകരിക്കാം എന്ന സൂചന സമിതി നൽകിയിരുന്നു. എന്നാൽ അവസാന പന്ത്രണ്ട് സംസ്ഥാനങ്ങളുടെ പട്ടിക വന്നപ്പോൾ കേരളം ഇല്ല. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്‍ഗഢ് മാത്രമാണ് പട്ടികയിലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം കയർ വിഷയമാക്കിയുള്ള കേരളത്തിന്‍റെ നിശ്ചലദൃശ്യം പരേഡിലുണ്ടായിരുന്നു.
നിരവധി തവണ പരേഡിൽ മെഡൽ കരസ്ഥമാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തമിഴ് നാടിന്റെ ഫ്ലോട്ട് തള്ളിയതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. തള്ളിയ ഫ്ലോട്ട് റിപ്പബ്ലിക് ദിനമായ ഇന്ന് തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here