‘ഭരണഘടനയുടെ മൂല്യങ്ങള്‍ ആവര്‍ത്തിച്ചു വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്’; എം എ ബേബി

ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനത്തില്‍ മഹത്തായ ഈ രാഷ്ട്രത്തിന്റെ നിര്‍മ്മാതാക്കളായ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് എം എ ബേബി. എല്ലാവര്‍ക്കും ആഹ്ലാദവും പ്രത്യാശയും നിറഞ്ഞ ഒരു റിപ്പബ്ലിക് ദിനം ആശംസിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലയില്‍ ഉള്ള നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് ആവര്‍ത്തിച്ച് ആഘാതം ഏല്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനമുള്ളവരാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ഭരണത്തില്‍ എന്നത് നമ്മുടെ റിപ്പബ്ലിക്കിന്റെ ഒരു ദൗര്‍ബല്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യയുടെ എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനത്തില്‍ മഹത്തായ ഈ രാഷ്ട്രത്തിന്റെ നിര്‍മ്മാതാക്കളായസ്വാതന്ത്ര്യസമര സേനാനികളെ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ആഹ്ലാദവും പ്രത്യാശയും നിറഞ്ഞ ഒരു റിപ്പബ്ലിക് ദിനം ആശംസിക്കുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ ആധാരശിലയായ ഭരണഘടനയുടെ മൂല്യങ്ങള്‍ ആവര്‍ത്തിച്ചു വെല്ലുവിളിക്കപ്പെടുന്ന ഒരു കാലമാണിത് എന്നത് മറക്കാനുമാവില്ല. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലയില്‍ ഉള്ള നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിന് ആവര്‍ത്തിച്ച് ആഘാതം ഏല്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനമുള്ളവരാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ഭരണത്തില്‍ എന്നത് നമ്മുടെ റിപ്പബ്ലിക്കിന്റെ ഒരു ദൗര്‍ബല്യമാണ്. ഇത്തരത്തിലുള്ള ഒരു ഭൂരിപക്ഷ മതമേധാവിത്വ ഭരണത്തിന് അവസരമുണ്ടാകാത്ത വിധം ആധുനിക ജനാധിപത്യ ബോധവും സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്കു സാധിച്ചില്ല.

കേരളത്തിലും, ഒരുപരിധിവരെ ബംഗാളിലും ത്രിപുരയിലുമൊഴികെ ,ഈ മുക്കാല്‍ നൂറ്റാണ്ടില്‍ ഭൂപരിഷ്‌കരണം പോലും നമ്മുടെ രാജ്യത്ത് നടപ്പിലായില്ല. ഭൂപരിഷ്‌കരണം തുടങ്ങിയവ ഭരണഘടനയുടെ ഭാഗമാക്കാന്‍ കഴിയാതിരുന്നത് വലിയ പരിമിതിയായി. സോഷ്യലിസ്റ്റ് എന്ന് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതി ചേര്‍ത്തെങ്കിലും മുതലാളിത്ത ചൂഷണം വര്‍ധിക്കുന്ന നയങ്ങളാണ് മുഖ്യമായും ഇന്ത്യയില്‍ നടപ്പാവുന്നത്. പണിയെടുക്കുന്ന ദരിദ്ര ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഇന്ന് തീരെപ്രതീക്ഷിക്കാനാവില്ല. ഹീനമായജാതി വ്യവസ്ഥയുടെ വേരുകള്‍ പറിച്ചു കളയുന്ന ഒന്നും നമ്മുടെ റിപ്പബ്ലിക്കിന്റെ അജണ്ടയില്‍ വന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ശാപങ്ങളില്‍ ഒന്നായ ജാതി വിവേചനവും പീഡനവും ഉത്തരോത്തരം ശക്തി പ്രാപിക്കുന്നു.

എങ്കിലും ഈ ഭരണഘടന നല്കുന്ന പരിമിതമായ അവകാശങ്ങള്‍ക്കായി പോരാടാനും ആ ഭരണഘടനയെ കൂടുതല്‍ ജനാധിപത്യപരമാക്കാനായി പ്രവര്‍ത്തിക്കാനും ഓരോ പൗരനും കടമയുണ്ട്.
റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങള്‍ക്കൊപ്പം ഈ കടമകളും ഓര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News