തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിതനായ കാര്യം താരം അറിയിച്ചത്. കോവിഡിന്‍റെ നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതായും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായും ചിരഞ്ജീവി പറഞ്ഞു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് ബന്ധപ്പെട്ടവര്‍ കൊവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ചിരഞ്ജീവി ആവശ്യപ്പെട്ടു.

ചിരഞ്ജീവിയുടെ ട്വിറ്റര്‍ പോസ്റ്റ്:

പ്രിയപ്പെട്ടവരെ, എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും, ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ നേരിയ ലക്ഷണങ്ങളോടെ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് നേരിട്ട് ബന്ധപ്പെട്ട എല്ലാവരോടും പരിശോധനയ്ക്ക് വിധേയരാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാവരെയും കാണാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ നവംബറിലും കൊവിഡ് ബാധിച്ചതായി ചിരഞ്ജീവി അറിയിച്ചിരുന്നു. പക്ഷേ മൂന്ന് ദിവസത്തിന് ശേഷം ടെസ്റ്റിങ് കിറ്റിലെ പ്രശ്നങ്ങള്‍ കാരണം കോവിഡ് ബാധ തെറ്റായി കാണിക്കുകയായിരുന്നുവെന്ന് ചിരഞ്ജീവി അറിയിച്ചു. ടെസ്റ്റ് റിപ്പോര്‍ട്ട് പിന്നീട് സമൂഹ മാധ്യമങ്ങളിലും ചിരഞ്ജീവി പങ്കുവെച്ചിരുന്നു.

1978ല്‍ ‘പുനദിരല്ലു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയ ജീവിതം ആരംഭിക്കുന്നത്. 150ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ച താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ചിരഞ്ജീവി ട്രസ്റ്റ് ഫോര്‍ ഐ, രക്ത ദാനം എന്നിവയെല്ലാം ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. പദ്മഭൂഷണ്‍ പുരസ്കാര ജേതാവാണ് താരം.

ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങുന്ന ആചാര്യയാണ് ചിരഞ്ജീവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഭോല ശങ്കര്‍, ഗോഡ് ഫാദര്‍, പേരിടാത്ത രണ്ട് ചിത്രങ്ങള്‍ എന്നിവയാണ് ചിരഞ്ജീവിയുടെതായി ചിത്രീകരണം നടക്കാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here