പത്മശ്രീ മിലേന സാല്‍വിനി അന്തരിച്ചു

കലാമണ്ഡലത്തിലെ ആദ്യകാല വിദേശ കലാപഠിതാക്കളില്‍ പ്രമുഖയും കലാഗവേഷകയുമായ പത്മശ്രീ മിലേന സാല്‍വിനി അന്തരിച്ചു. 1965 ല്‍ കഥകളി പഠിക്കാനായി ഫ്രാന്‍സില്‍നിന്നും സ്‌കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ എത്തിയ മിലേന സാല്‍വിനി, ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി മാറി. കേരള കലാമണ്ഡലത്തിന്റെ വികാസപരിണാമഘട്ടങ്ങളില്‍ മിലേന നടത്തിയ കലാപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. മിലേനയുടെ ക്ഷണം സ്വീകരിച്ച്, 1967 ല്‍ പതിനേഴംഗ കഥകളിസംഘം നടത്തിയ യൂറോപ്പ് പര്യടനം ”കലാമണ്ഡലത്തിന്റെ ചരിത്രവീഥിയിലെ മാര്‍ഗ്ഗദര്‍ശകമായ നാഴികക്കല്ലാ”യി മാറി.

1975 ല്‍ മിലേനയും ജീവിതപങ്കാളിയായ റോജര്‍ ഫിലിപ്പ്‌സിയും ചേര്‍ന്ന് പാരീസില്‍ ‘മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സസ് ‘ എന്ന വിദ്യാലയം സ്ഥാപിച്ച് കഥകളി തുടങ്ങിയ ശാസ്ത്രീയ കലകള്‍ പഠിപ്പിക്കുന്നതിന് നേതൃത്വം നല്‍കി വന്നു. ഈ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 1980 ലും 1999 ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടി കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.

2001 ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മിലേനയുടെ കലാപ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. കഥകളിക്ക് നല്കിയ സംഭാവനകളെ പുരസ്‌ക്കരിച്ച് മിലേന സാല്‍വിനിയെ 2019 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.

മിലേനയുടെ വേര്‍പാടില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണനും ഭരണസമിതിയംഗങ്ങളും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും അനുശോചിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News