നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.

ദിലീപ് ഉള്‍പ്പടെ 5 പ്രതികളെ മൂന്ന് ദിവസങ്ങളില്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിയെ അറിയിക്കും.കേസെടുത്തയുടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഫോണ്‍ മാറ്റിയെന്നും ഇത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടും.

ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചായിരുന്നു പ്രതികളെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ 22ന് കോടതി അനുമതി നല്‍കിയത്.ഇതെത്തുടര്‍ന്ന് 5 പ്രതികളെയും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ രേഖ ഉള്‍പ്പടെയുള്ള തെളിവുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

5 പേരെ ഒറ്റയ്ക്കിരുത്തിയും, ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.ഇവരുടെ മൊഴികളില്‍ വരുദ്ധ്യമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മാത്രമല്ല പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണൊ എന്നുറപ്പിക്കാനായി സിനിമാ മേഖലയില്‍ നിന്നുള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ചും ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും ഉള്‍പ്പടെ സമഗ്രമായ റിപ്പോര്‍ട്ടായിരിക്കും ക്രൈംബ്രാഞ്ച് ഇന്ന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുക.

വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത അന്നുതന്നെ ദിലീപ് അടക്കമുള്ള 4 പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണുകള്‍ മാറ്റി പുതിയ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ഇതെത്തുടര്‍ന്ന് പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ അത് നിരസിക്കുകയായിരുന്നു.ഇക്കാര്യവും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ഈ സാഹചര്യത്തില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍, കോടതിയോട് അനുമതി തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.കോടതി തീരുമാനം ദിലീപിനും അന്വേഷണ സംഘത്തിനും ഒരുപോലെ നിര്‍ണ്ണായകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here