കൊവിഡ് അവലോകന യോഗം; നാല് ജില്ലകള്‍ കൂടി സി കാറ്റഗറിയില്‍

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയില്‍ ആയിരുന്നു.

ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കോ വിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

സി കാറ്റഗറി

ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, അവ കാറ്റഗറി 3 ല്‍ ഉള്‍പ്പെടും.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News