കോഴിക്കോട് ഇരട്ട സ്‌ഫോടനം; തടിയന്റവിട നസീറിനെ വെറുതെ വിട്ടു

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ രണ്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച എന്‍ ഐ എ കോടതി വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. മറ്റ് 2 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ എന്‍ ഐ എ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതി തടിയന്റവിട നസീര്‍ നാലാം പ്രതി ഷഫാസ് എന്നിവരെ ഡിവിഷന്‍ ബഞ്ച് വെറുതെ വിട്ടത്.
സാക്ഷിമൊഴികള്‍ മാത്രമേയുള്ളൂ അനുബന്ധ തെളിവുകള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിനുള്ള പ്രേരണ സംശയാതീതമായി തെളിയിക്കാന്‍ എന്‍ ഐ എ ക്ക് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.

രണ്ടാം മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് 2005 ല്‍ ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതികള്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു എന്‍ ഐ എ യുടെ കണ്ടെത്തല്‍ . 2002 ല്‍ തന്നെ സ്‌ഫോടനത്തിനുള്ള ആസൂത്രണം ആരംഭിച്ചതായും എന്‍ ഐ എ യുടെ കുറ്റപത്രത്തില്‍ ഉണ്ട്. എന്നാല്‍ 2005 ല്‍ നടന്ന കോടതി നടപടിക്കെതിരെ 2002 ല്‍ എങ്ങനെ പ്രതികാരം ആസൂത്രണം ചെയ്തു എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കുറ്റകൃത്യത്തിനുള്ള പ്രേരണ തെളിയിക്കുന്നതിനായി മുന്നോട്ട് വച്ച വാദങ്ങള്‍ എന്‍ ഐ എ ക്ക് തിരിച്ചടിയാവുകയായിരുന്നു.

അതേ സമയം മറ്റ് 2 പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ എന്‍ ഐ എ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. അബ്ദുല്‍ ഹാലീം, ചെട്ടിപ്പടി യൂസുഫ് എന്നിവരെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

2006 മാര്‍ച്ച് 3 നായിരുന്നു കോഴിക്കോട് നഗരത്തില്‍ 30 മിനിറ്റ് ഇടവേളയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം നടന്നത്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് 2009 ല്‍ എന്‍ ഐ എ ഏറ്റെടുത്തു. 2011 ലായിരുന്നു 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ കൊച്ചി എന്‍ ഐ എ കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുവദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here