ഷെയ്ന് നിഗം നായകനാവുന്ന പുതിയ ചിത്രം ‘വെയിലി’ന്‍റെ റിലീസ് മാറ്റി വച്ചു. കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
‘തിയറ്ററിൽ ഉടമകളുടെ അഭ്യാർത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’, എന്നാണ് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് പ്രസ്താവനയിൽ അറിയിച്ചത്.
വെയിലിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. ‘വലിയ പെരുന്നാളി’നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്‍തെറ്റിക് കുഞ്ഞമ്മ.
സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തര്‍ക്കങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.