സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലെന്ന വ്യാജ പ്രചരണത്തെ തള്ളി ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍ വിഹിതം കൈപ്പറ്റി

ഇന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍  വിഹിതം കൈപ്പറ്റി – മന്ത്രി ജി. ആര്‍. അനില്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലായതായി ചിലര്‍ നടത്തിയ വ്യാജ പ്രചരണത്തെ തള്ളി ഇന്ന് (ജനുവരി 27) 7 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റി. സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് 2022 ജനുവരി 13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ട് ഇന്ന് മുതല്‍ (ജനുവരി 27) സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിച്ച് വരുന്നു. റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം തന്നെ പൂര്‍‌ണ്ണതോതില്‍ പ്രവര്‍ത്തിച്ചു വരുന്നതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും (NIC) സ്റ്റേറ്റ് IT മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു ദിവസം റേഷന്‍ വിഹിതം കൈപ്പറ്റുന്ന കാര്‍ഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലാണ്. ഇന്ന് (ജനുവരി 27) സംസ്ഥാനത്ത് 7,21,341 പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇത് സമീപകാല റെക്കാര്‍ഡാണ്. എന്നാല്‍ റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ ചില ശക്തികള്‍ ശ്രമിച്ചു വരുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. റേഷന് വിതരണത്തിന് തടസ്സമുണ്ടെന്ന തരത്തിലുള്ള പ്രചരണം നടത്തി കാര്‍ഡുടമകളെ റേഷന്‍ വാങ്ങുന്നതില്‍ നിന്നും‍ നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാണ് ഇവര്‍ സ്വീകരി‌ക്കുന്നത്. എന്നാല്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീണുപോകാതെ എല്ലാ കാര്‍ഡുടമകളും റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇന്ന് (ജനുവരി 27) റേഷന്‍ വിഹിതം കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താല്‍ തന്നെ ഇവര്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണുവാന്‍ കഴിയും. സംസ്ഥാനത്തെ ഏതെങ്കിലും റേഷന്‍ കടയില്‍ നെറ്റ് വര്‍ക്ക് സംബന്ധമായ തടസ്സംകൊണ്ട് റേഷന്‍ വിതരണത്തില്‍ വേഗതകുറവ് ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ അത്തരം വിഷയത്തെ പര്‍വ്വതീകരിച്ച് സംസ്ഥാനത്തെ പൊതുവിതരണം മുഴുവന്‍ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുമെന്നതിനാല്‍ വസ്തുത പരിശോധിച്ച് ഇക്കാര്യത്തിലുള്ള സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഭക്ഷ്യ – പൊതുവിതണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. ജനുവരി മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് 3 പ്രവര്‍ത്തി ദിവസങ്ങളാണ് അവശേഷിക്കുന്നത്. എല്ലാ കാര്‍ഡുടമകളും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News