കരിപ്പൂർ വിമാനത്താവളം: സർക്കാർ എല്ലാ പിന്തുണയും നൽകും- മന്ത്രി റിയാസ്

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ചു 2016 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്തു മുതൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻതന്നെ മുഖ്യമന്ത്രി മൂന്നു മന്ത്രിമാർക്ക് കരിപ്പൂർ വിമാനത്താവളത്തിന്റെ ചുമതല നൽകി. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് വികസനം സംബന്ധിച്ച് യോഗങ്ങൾ ചേർന്നു.

വിമാനത്താവളത്തിലേക്കുള്ള റോഡിൽ രാമനാട്ടുകര ജങ്ഷനിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ പൊതുമരാമത്തു വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രൂപരേഖ തയ്യാറാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി 31.5 ലക്ഷം രൂപ അനുവദിക്കാനുള്ള നിർദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ ആണ്.

രാമനാട്ടുകര വെങ്ങളം ബൈപാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ പ്രവർത്തനം ദേശീയപാത അതോറിറ്റിയുടെ കീഴിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു മന്ത്രി എന്ന നിലയിൽ തുടർച്ചയായ പരിശോധന നടത്തിവരുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ എല്ലാ നിലയയിലും കൂടെയുണ്ടാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ് അധ്യക്ഷനായി. എംപിമാരായ എളമരം കരീം, എം കെ രാഘവൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി അബ്ദുൽ ഹമീദ്, മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ്, ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് ഫൌണ്ടേഷൻ പ്രസിഡന്റ് ടി സി അഹമ്മദ്, കെ ഇ ഫൈസൽ എന്നിവർ സംസാരിച്ചു.

കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് റാഫി പി ദേവസി സ്വാഗതം പറഞ്ഞു. മലബാർ ചേംബർ ഓഫ് കോമേഴ്‌സ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് ഫൌണ്ടേഷൻ, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ, ദി ബിസിനസ് ക്ലബ് എന്നീ സംഘടനകൾ ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News