ഒരിടവേളക്ക് ശേഷം കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ടീയത്തിലെ അതികായനായ മമ്പറം ദിവാകരന്‍ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായ പടപുറപ്പാടിലാണ് . തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ സുധാകരന്‍റെ തീരുമാനം ചോദ്യം ചെയ്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയെയാണ് മമ്പറം സമീപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരണഘടനയുടെ 27 ബി വകുപ്പിലെ ഉപവകുപ്പ് 2 പ്രകാരം അംഗത്വം ഉളള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അധ്യക്ഷന് പുറത്താക്കണമെങ്കില്‍ അതിന് പാര്‍ട്ടി എക്സിക്യൂട്ടീവിന്‍റെ അംഗീകാരം വേണം .ഒരു മാസത്തിനുളളില്‍ പുറത്താക്കിയ തീരുമാനം എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ത്ത് അംഗീകരിക്കണം എന്നാണ് കോണ്‍ഗ്രസ് ഭരണഘടനയില്‍ പറയുന്നത് എന്നാല്‍ തന്നെ പുറത്താക്കിയ തീരുമാനം പുറത്ത് വന്നതിന് പാര്‍ട്ടി എക്സിക്യൂട്ടീവ് കൂടിയിട്ടില്ല.
പാര്‍ട്ടി ഭരണഘടനയുടെ അച്ചടക്ക നടപചടികളെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 5 പ്രകാരം പുറത്താക്കുന്നതിന് മുന്‍പ് വിശദീകരണ നോട്ടീസ് തനിക്ക് നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇവിടെയത് ഉണ്ടായില്ല. അതിനാല്‍ തന്നെ ഭരണഘടനയുടെ 8 എ , ബി .സി എന്നീ വകുപ്പുകള്‍ പ്രകാരം തനിക്ക് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒരു വര്‍ഷമായി നിയമത്തിന് നിരക്കാത്ത നിരവധി ആവശ്യങ്ങള്‍ കെ സുധാകരന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും എന്നാല്‍ അതെല്ലാം നിഷേധിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും അഡ്വ. എസ് ജെ രാജപ്രതാപ് മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് ആക്കിയതും കോണ്‍ഗ്രസിന്‍റെ ഭരണഘടനാ പ്രകാരം അല്ലെന്നും മമ്പറം പരാതിയില്‍ ചൂണ്ടികാട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല , കെപിസിസി എന്നീവരാണ് എതിര്‍കക്ഷികള്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച മുന്‍സിഫ് കോടതി കെ സുധാകരന്‍ അടക്കമുളളവര്‍ക്ക് എതിരെ നോട്ടീസ് അയച്ചു. പാര്‍ട്ടി ഭരണഘടന പാലിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പുറത്താക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അവരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ് ഇട്ടിരുന്നു. ഈ ഹൈക്കോടതി വിധി ചൂണ്ടികാട്ടി കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് മമ്പറത്തിന്‍റെ തീരുമാനം എന്നറിയുന്നു. കോടതിയെ സമീപിച്ച മമ്പറത്തിന്‍റെ നടപടിയില്‍ സുധാകരന് ഒപ്പം നിൽക്കുന്നവരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here