ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; 6 മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി അരുൺ

ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ യിലെ വിപിഎസ് ഹെൽത്ത്കെയർ.
വൈദ്യശാസ്ത്രത്തിന് തീർത്തും അസാധ്യമെന്ന് ആശങ്കപ്പെട്ട അവസ്ഥ. തുടർച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് പ്രതീക്ഷകൾക്ക് അറുതിയായെന്ന് ഡോക്ടർമാരും കുടുംബവും കരുതിയ നിമിഷങ്ങൾ.

അസാധ്യമെന്ന് കരുതിയത് ഒടുവിൽ സാധ്യമാക്കി യുഎഇയിലെ കൊവിഡ് മുന്നണിപ്പോരാളി അരുൺ കുമാർ എം നായർ രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന 38 കാരനായ അരുൺ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയിൽ നിന്ന് തിരിച്ചെത്തുന്നത്. അത്ഭുതകരമായ അതിജീവനത്തിന് പിന്നാലെ ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ സ്വീകരിക്കാനായി സഹപ്രവർത്തകർ ഒരുക്കിയത് വികാരഭരിതമായ വരവേൽപ്പ്.

സ്വന്തം ജീവൻ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചു. ധീരനായ മുന്നണിപ്പോരാളിയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി വ്യാഴാഴ്ച ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുണിന്റെ എമിറാത്തി സഹപ്രവർത്തകർ അദ്ദേഹത്തിന് ഈ സ്നേഹസമ്മാനം കൈമാറി. കേരളത്തിൽ ആരോഗ്യപ്രവർത്തകയായിരുന്ന അരുണിന്റെ ഭാര്യയ്ക്ക് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു, മകന്റെ വിദ്യാഭ്യാസ ചെലവും വഹിക്കും.

കൊവിഡിനെതിരായ അരക്കൊല്ലത്തോളം നീണ്ട പോരാട്ടം സൃഷ്ടിച്ച ഗുരുതരമായ സങ്കീർണതകളിലും കൃത്രിമ ശ്വാസകോശത്തിന്റെ (ECMO മെഷീൻ) പിന്തുണയോടെയാണ് അരുൺ ശ്വാസോച്ഛാസം നടത്തുകയും ജീവൻ നിലനിർത്തുകയും ചെയ്തത്. തുടർച്ചയായ ഒന്നിലധികം ഹൃദയാഘാതങ്ങളടക്കം നിരവധി സങ്കീർണതകൾ.. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി തുടങ്ങിയ നടപടിക്രമങ്ങൾ.. കഠിന വേദനകൾ അതിജീവിച്ചു തിരിച്ചെത്തുമ്പോഴും സഹപ്രവർത്തകരുടെ ഊഷ്മള വരവേൽപ്പിന് സാക്ഷിയായപ്പോൾ അരുണിന്റെ മുഖത്തു തെളിഞ്ഞത് സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും നിറപുഞ്ചിരി.

ദൈവത്തിനും ഡോക്ടർമാർക്കും നന്ദി

അബുദാബി ബുർജീൽ ആശുപത്രിയിലെ മുറിയിലേക്ക് അരുൺ മാറിയിട്ട് ഒരു മാസമേ ആയുള്ളൂ. അഞ്ചുമാസത്തിലേറെക്കാലം ജീവൻരക്ഷാ സംവിധാനത്തിൽ ഐസിയുവിൽ. സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ അരുണിന്റെ കണ്ണുകൾ നിറയുന്നു. കൊവിഡ് പോസിറ്റിവ് ആയശേഷം ക്വാറന്റൈനിൽ കഴിയുമ്പോൾ അരുൺ ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കാത്തിരിക്കുന്നത് മരണത്തെ മുഖാമുഖം കാണുന്ന ദുർഘട പാതയാണെന്ന്.

അവ്യക്തമായ ഓർമയിൽ തെളിയുന്ന അവസാന നിമിഷം കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട നിമിഷങ്ങൾ മാത്രം. കഴിഞ്ഞ ആറു മാസത്തിൽ നടന്ന പലകാര്യങ്ങളും അർദ്ധബോധാവസ്ഥയിലായിരുന്ന അരുണിന് ഓർത്തെടുക്കാൻ പോലുമാവുന്നില്ല.

അലക്ഷ്യവും അവ്യക്തവുമായ കുറച്ചു ചിത്രങ്ങൾ മാത്രമാണ് മനസ്സിൽ. “മരണ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി.” ഇടറുന്ന ശബ്ദത്തിൽ അരുൺ പറയുന്നു.

“കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആരോഗ്യപ്രവർത്തകരുടെയും പ്രാർത്ഥനയുടെ ശക്തിയായാണ് ഞാൻ ജീവിച്ചിരിക്കുന്നത്. അവരുടെ പിന്തുണയ്ക്കും പരിചരണത്തിനും നന്ദി പറയാൻ വാക്കുകളില്ല. ആശുപത്രിക്കിടക്കയിൽ അസാധാരണ പരിചരണം നൽകിയ ഡോ. താരിഗിനും സംഘത്തിനും നന്ദി. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ, ഈയൊരു തിരിച്ചുവരവ് അസാധ്യമായേനേ. ഈ പുതിയ ജീവിതത്തിന് ഞാനും കുടുംബവും ബുർജീൽ ആശുപത്രിയോടും ഡോ. താരിഗിനോടും എന്നും കടപ്പെട്ടിരിക്കും,” അരുൺ കൂട്ടിച്ചേർത്തു.

സൂപ്പർഹീറോയ്ക്ക് മിന്നൽ മുരളിയുടെ സല്യൂട്ട്

അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങിൽ മറ്റൊരു സൂപ്പർ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നൽ മുരളിയായി പ്രേക്ഷകരുടെ മനംകവർന്ന ചലച്ചിത്രതാരം ടോവിനോ തോമസ്. ലൈവായി ചടങ്ങിൽ പങ്കെടുത്താണ് ടോവിനോ അരുണിന് ആശംസകൾ നേർന്നത്.

മിന്നൽ മുരളി സിനിമയിൽ താൻ സൂപ്പർഹീറോ വേഷം ചെയ്‌തെങ്കിലും യഥാർത്ഥ ജീവിതത്തിൽ അരുണിനെപ്പോലുള്ളവരാണ് സൂപ്പർഹീറോകളെന്ന് പറഞ്ഞ ടോവിനോയുടെ വാക്കുകൾ ഇങ്ങനെ:

“സിനിമയിലേ എനിക്ക് സൂപ്പർ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയിൽ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുൻനിര യോദ്ധാക്കളാണ് യഥാർത്ഥ സൂപ്പർഹീറോകൾ. മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സല്യൂട്ട്”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News