നഗരത്തിൽ ജീവിച്ച് നാടിന്റെ നന്മകളെപ്പറ്റി സംസാരിക്കുന്ന പരിസ്ഥിതി വാദികളെപ്പറ്റി സാമൂഹ്യ നിരീക്ഷകൻ ഡോ. പ്രേംകുമാർ

കെ റെയിലിനെയും പരിസ്ഥിതിയെയും കൂട്ടിയിണക്കി കെ റെയിലിനെതിരെ സംസാരിക്കുന്ന പരിസ്ഥിതി വാദികളെ പറ്റി ഡോ പ്രേംകുമാറിന്‍റെ നിരീക്ഷണങ്ങൾ ശ്രദ്ധനേടുന്നു.എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ചാനൽ ചർച്ചയിലും മാധ്യമങ്ങളിലും വാർത്തകൾ പടച്ചു വിടുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ് ഡോ പ്രേം കുമാർ കുറിക്കുന്നത് .”ഒരു വീട് മാത്രമുള്ള പാവം പരിസ്ഥിതിവാദികൾ വെറും 29 ശതമാനം.

മൂന്ന് വീടുള്ളവർക്കും ചാനൽ ചർച്ചയിൽ വന്നിരുന്ന് പ്രകൃതി വിഭവചൂഷണത്തെപ്പറ്റി കസറാം..കോൺക്രീറ്റ് കാടുകളെക്കുറിച്ച് കവിതയെഴുതാം.പക്ഷേ, ഈ പറയുന്ന താങ്കൾക്ക് മൂന്ന് വീടുകൾ ഇല്ലയോ എന്ന് ചിലപ്പോൾ നാട്ടുകാർ ചോദിച്ചെന്നിരിക്കും. അപ്പോൾ ഫാസിസം വന്നേയെന്ന് നിലവിളിക്കരുത് “എന്നാണ് ഡോ പ്രേം കുമാർ പറയുന്നത്.

കുറിപ്പ് വായിക്കാം

പരിസ്ഥിതി ഓഡിറ്റിങ് തുടരുന്നു.

മൂന്ന് കാര്യങ്ങളെപ്പറ്റി ഇതുവരെ ലഭ്യമായ വിവരങ്ങൾ ചർച്ചക്കായ് പങ്കുവെക്കുകയാണ്.

01.
പരിസ്ഥിതിവാദിയുടെ തൊഴിൽ വിവരമെന്താണ്?
ലഭ്യമായ ഡാറ്റ അനുസരിച്ച്, 58 ശതമാനം പേർ പെൻഷൻ വാങ്ങുന്നവരും 26 ശതമാനം പേർ നിലവിൽ ജോലി ചെയ്യുന്നവരുമാണ്. ജോലി അന്വേഷിക്കുന്നവരായുള്ളത് 16 ശതമാനമാണ്.
അടിത്തൂൺ പറ്റിയവർക്ക് സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്…നോ ഡൗട്ട്.
പക്ഷേ ഒരു പ്രശ്നമുണ്ട്. നാളത്തെ കേരളത്തിനു വേണ്ടുന്ന ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനു വേണ്ട ഒരു പദ്ധതിയെപ്പറ്റി പറയുമ്പോൾ…വികസനമല്ല, നിലനിൽപ്പാണെന്ന് പറയുന്നത് ഈ 84 ശതമാനത്തിൽപ്പെട്ടവരാണെങ്കിൽ (58+26)…അതിലൊരു പ്രശ്നമുണ്ട്.
പരിസ്ഥിതി വാദികൾക്കിടയിൽ ജോലി അന്വേഷിക്കുന്നവർ 16 ശതമാനമേയുള്ളു എന്നതിൽ ഒരു പ്രശ്നമുണ്ട്.
നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഏത് ജനവിഭാഗത്തെയാണെന്ന് നാട്ടുകാർക്ക് മനസ്സിലാവുന്നുണ്ട്.
02.
പ്രൊഫെഷണൽ പരിസ്ഥിതിവാദികൾ എവിടെയാണ് താമസിക്കുന്നത്?
ലഭ്യമായ ഡാറ്റ അനുസരിച്ച്, 61 ശതമാനം പേർ നഗരങ്ങളിലും 39 ശതമാനം പേർ ജനിച്ചു വളർന്ന നാട്ടിലുമാണ് ജീവിക്കുന്നത്.
നഗരത്തിൽ ജീവിക്കുന്നവർക്ക് നാടിന്റെ നന്മകളെപ്പറ്റി പറയാൻ എല്ലാ അവകാശവുമുണ്ട്. പക്ഷേ, തങ്ങൾ നഗര ജീവിതത്തിൽ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഗ്രാമങ്ങളിൽ കഴിയുന്നവർക്കും കൂടി ലഭ്യമാക്കുന്ന സമഗ്രവികസന പദ്ധതികൾ വരുമ്പോൾ അത് വേണ്ടെന്ന് നിങ്ങളങ്ങ് കല്പിച്ചാൽ ആ കൽപ്പന കേൾക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങളിൽ നിന്ന് കിട്ടിയ സർക്കാരിവിടെയുണ്ടെന്ന് ഞങ്ങൾ പറയും.
നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമെന്ന് നിങ്ങൾ സത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഇങ്ങനെ നഗരങ്ങളിൽ മാളികമുകളിൽ തമ്പടിക്കില്ലല്ലോ തിരുമേനികൾ!
03.
പ്രൊഫെഷണൽ പരിസ്ഥിതിവാദികൾക്ക് എത്ര വീടുകളുണ്ട്?
ലഭ്യമായ ഡാറ്റ അനുസരിച്ച്, 65 ശതമാനം പേർക്ക് രണ്ടോ മൂന്നോ വീടുകളുണ്ട്. ഒരു വീട് മാത്രമുള്ള പാവം പരിസ്ഥിതിവാദികൾ
വെറും 29 ശതമാനം.
മൂന്ന് വീടുള്ളവർക്കും ചാനൽ ചർച്ചയിൽ വന്നിരുന്ന് പ്രകൃതി വിഭവചൂഷണത്തെപ്പറ്റി കസറാം…
കോൺക്രീറ്റ് കാടുകളെക്കുറിച്ച് കവിതയെഴുതാം.
പക്ഷേ, ഈ പറയുന്ന താങ്കൾക്ക് മൂന്ന് വീടുകൾ ഇല്ലയോ എന്ന് ചിലപ്പോൾ നാട്ടുകാർ ചോദിച്ചെന്നിരിക്കും. അപ്പോൾ ഫാസിസം വന്നേയെന്ന് നിലവിളിക്കരുത്.
കല്ലോ, മണ്ണോ, ഇഷ്ടികയോ വെച്ച്, വീടില്ലാത്തവർക്കായ് സർക്കാർ ഫ്ലാറ്റുകൾ പണിയുമ്പോൾ അതിന്റെ മുന്നിൽ പന്തലുകെട്ടി നിരാഹാര സമരം നടത്താൻ വരരുത്.
വന്നാലും നിരാഹാര പന്തലിലിരുന്ന് സംഭാരം കുടിക്കരുത്.
അപ്പോ…
അങ്ങനെയാണ്… പട്ടാമ്പി റെയിൽവേ സ്റ്റേഷൻ ഉണ്ടായത്.
ആരും ചൂടാവേണ്ട കാര്യമില്ല; ആരും ബേജാറാവേണ്ട കാര്യമില്ല.
ഓഡിറ്റ് നടത്തുന്നവരെ സംഘിയാക്കിയതുകൊണ്ട് യാതൊരു കാര്യവുമില്ല.
ഞങ്ങളായിട്ട് ഒന്നും തുടങ്ങിയിട്ടില്ല…
തുടങ്ങുന്നേയുളളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here