പ്രശസ്ത പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ അവലോകനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്നും സ്പീക്കർ ഓർമിച്ചു.
അനുശോചനക്കുറിപ്പ്
ശ്രദ്ധേയനായ പത്രപ്രവർത്തകൻ എന്ന നിലയിലും കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലയിലുമാണ് അദ്ദേഹത്തെ കുറിച്ച് അറിയുന്നത്.
നിയമസഭാംഗമായും പിന്നീട് സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ട ശേഷം, 2021 ആഗസ്റ്റ് 13 ന് നിയമസഭാ മീഡിയ റൂമിൽ വെച്ച് അദ്ദേഹത്തെ ആദരിച്ച ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് നേരിൽ കാണുന്നതെന്നും ബഹു. സ്പീക്കര്‍ അനുസ്മരിച്ചു.
പിന്നീടാണ് അടുത്ത് പരിചയിച്ചതും സംസാരിച്ചതും. സോമനാഥ് റിട്ടയർ ചെയ്ത ശേഷം ബഹു. സ്പീക്കറെ കണ്ട സമയത്ത്, ആദ്യത്തെ രണ്ട് നിയമസഭാ സെഷനുകൾ നന്നായി നടത്തിയെന്ന് അദ്ദേഹം പറയുകയും അക്കാര്യത്തിൽ സ്പീക്കറെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു. നിയമസഭാ അവലോകനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നിയമസഭ സമ്മേളിച്ചിരുന്ന സമയങ്ങളിൽ പൂർണമായും അദ്ദേഹം പ്രസ് ഗാലറിയിൽ ഉണ്ടാകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പുതിയ തലമുറയിലെ മാധ്യമപ്രവർത്തകർക്ക് ഗുരുതുല്യനായിരുന്നു സോമനാഥ്.
ദീർഘകാലം നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. രാഷ്ട്രീയനേതാക്കളുമായെല്ലാം സൗഹൃദമുണ്ടായിരുന്നെങ്കിലും അവരെ ഒരു പ്രത്യേക അകലത്തിൽ നിർത്തിയിരുന്ന ആളാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷെ തന്റെ റിപ്പോർട്ടുകളിൽ അത്തരം വ്യക്തിപരമായ ബന്ധങ്ങൾ സ്വാധീനം ചെലുത്തരുത് എന്ന നിഷ്കർഷ കൊണ്ടാകാം അത്. അത്തരം ബന്ധങ്ങൾ ഉപയോഗിക്കാനോ കൊട്ടിഘോഷിക്കാനോ അദ്ദേഹം തയാറായിരുന്നില്ല. എന്നാൽ നിയമസഭയെയും കേരള രാഷ്ട്രീയത്തെയും അടുത്തുനിന്ന് നോക്കിക്കാണുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോർട്ടുകളുടെ മറ്റൊരു സവിശേഷത, സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ സഹായിക്കും വിധം പോസിറ്റീവ് സ്വഭാവമുള്ളതായിരുന്നു അവ എന്നതാണ്.
മികച്ച ഒരു പത്രപ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായത്. ബന്ധുക്കളുടെയും മാധ്യമ സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.