നടിയെ ആക്രമിച്ച കേസിൽ പൊലീസിൻ്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന ദിലീപിൻ്റെ അപേക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സമർപ്പിച്ച ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാർ . വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മാർട്ടിൻ ആന്റണി നിർണായക പ്രതിയെന്നും കുറ്റകൃത്യത്തിന് ഒത്താശ ചെയ്തത് മാർട്ടിൻ ആന്റണിയെന്നും സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം രണ്ടാം പ്രതി മാർട്ടിൻ ആന്റണി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി അവസാന വാരത്തേക്ക് മാറ്റി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. പതിമൂന്നാം തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മാർട്ടിൻ ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്.
നടി അതിക്രമത്തിന് ഇരയായ സമയത്ത് വാഹനമോടിച്ചിരുന്നത് മാർട്ടിൻ ആന്റണിയാണെന്നാണ് ആരോപണം. വാഹനത്തിന്റെ സഞ്ചാര വഴി സംബന്ധിച്ച് മുഖ്യപ്രതി പൾസർ സുനിയെ തുടർച്ചയായി അറിയിച്ചു. 34 തവണയാണ് മാർട്ടിൻ ആന്റണി, പൾസർ സുനിക്ക് വിവരങ്ങൾ കൈമാറിയത്. ഇതിൽ 21 എണ്ണം ഫോൺ കോളും, ബാക്കി 13 മെസേജുകളുമാണ്. പ്രതിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.