വമ്പൻ താരങ്ങളെ അട്ടിമറിച്ച് അമേരിക്കക്കാരി ഡാനിയേൽ കോളിൻസിന്റെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ പ്രവേശം. ടെന്നീസ് കോർട്ടിലെ പവർ ഹൗസെന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ഈ 28 കാരിയുടേത്. വേദനാജനകമായ രോഗമായ എൻഡോമെട്രിയോസിസിന്റെ ചികിത്സയുടെ ഭാഗമായി ഡാനിയേൽ കോളിൻസ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായത് ഇക്കഴിഞ്ഞ വർഷം ഏപ്രിലിലാണ്.
മാസങ്ങളോളം ടെന്നീസിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നെങ്കിലും താരം പതറിയില്ല. രോഗത്തിന് മുന്നിൽ തോറ്റുകൊടുക്കാത്ത കോളിൻസിന്റെ ഉശിരൻ പോരാട്ടവീര്യത്തിനാണ് പുതു വർഷത്തിലെ ആദ്യ ഗ്രാൻസ്ലാം ടൂർണമെൻറായ ഓസ്ട്രേലിയൻ ഓപ്പൺ വേദിയായത്. എലിസെ മെർട്ടൻസ്, അലിസെ കോർനെറ്റ്, ഇഗ സ്യാതെക്ക് എന്നീവമ്പൻ താരങ്ങളെ മുട്ടുകുത്തിച്ചാണ് റോഡ് ലേവർ കോർട്ട് അരീനയിൽ ഈ അമേരിക്കക്കാരിയുടെ ജൈത്രയാത്ര.ആക്രമണാത്മക ഗെയിമാണ് ഈ 28 കാരിയെ വ്യത്യസ്തയാക്കുന്നത്.
ശക്തമായ ഫോർഹാൻഡ് – ബാക്ക് ഹാൻഡ് ഷോട്ടുകളിലൂടെ എതിരാളികളെ വട്ടം കറക്കാനും എയ്സുകൾ പായിച്ച് ഗെയിം ക്ഷണനേരം കൊണ്ട് സ്വന്തമാക്കുന്നതിനും എതിരാളികളുടെ സർവുകൾ ബ്രേക്ക് ചെയ്യുന്നതിലും കോളിൻസിന് പ്രത്യേക വിരുത് തന്നെയുണ്ട്. സ്വപ്ന തുല്യമായ പ്രകടനങ്ങളിലൂടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലെന്ന നേട്ടം സ്വന്തമാക്കിയ ഇരുപത്തിമൂന്നാം നമ്പർ താരം കോളിൻസിന് എതിരാളി ആതിഥേയതാരവും ലോക ഒന്നാം നമ്പറുമായ ആഷ്ലി ബാർട്ടിയാണ്.
സ്വന്തം നാട്ടുകാരുടെ പിന്തുണയിൽ തകർപ്പൻ പ്രകടനത്തിലൂടെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടാൻ ഉറച്ച് എത്തുന്ന ബാർട്ടിക്ക് ഷോക്ക് ട്രീറ്റ്മെൻറ് നൽകാൻ കോളിൻസിലെ പോരാളിക്ക് സാധിക്കുമോ. ഏതായാലും സൂപ്പർസാറ്റർഡേയിൽ ആവേശ ത്രില്ലറിനാണ് മെൽബണിലെ റോഡ് ലേവർ കോർട്ട് അരീന സാക്ഷ്യം വഹിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.