ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരാകും?

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ നടക്കും. ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരെന്ന് അറിയാനുള്ള ആകാംക്ഷയ്ക്ക് ഇനി ചെറിയ കാത്തിരിപ്പ് മാത്രം. ടൂർണമെന്റിന്റെ അവസാന എട്ടിൽ കാമറൂൺ, ഈജിപ്ത്, ടുണീഷ്യ, സെനഗൽ എന്നീ വമ്പൻ ടീമുകളെല്ലാം ഇടം നേടിയിട്ടുണ്ട്.

29 ന് രാത്രി 9:30 ന് ആതിഥേയരായ കാമറൂണും ഗാംബിയയും തമ്മിലാണ് ആദ്യ ക്വാർട്ടർ. അര ഡസൻ ഗോളുകൾ നേടിയ കാമറൂണിന്റെ വിൻസെന്റ് അബൂബക്കറാണ് ടൂർണമെൻറിലെ മികച്ച ഗോൾ നേട്ടക്കാരിൽ ഒന്നാമതുള്ളത്. രണ്ട് ഗോൾ വീതം നേടിയ ഗാംബിയയുടെ അബ്ലി ജാലോ, മൂസ ബാരോ എന്നിവരും പട്ടികയിലുണ്ട്. ചരിത്ര സെമിയാണ് ഗാംബിയയുടെ മോഹം. രാത്രി 12:30 ന് നടക്കുന്ന മത്സരത്തിൽ ബുർക്കിനഫാസോ ടുണീഷ്യയെ നേരിടും.

മുൻ ചാമ്പ്യന്മാരായ നൈജീരിയക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ചാണ് ടുണീഷ്യ ക്വാർട്ടറിൽ കടന്നത്.രണ്ട് ഗോൾ നേടിയ വഹ്ബി ഖസ്രിയാണ് ടുണീഷ്യയുടെ ഗോളടി യന്ത്രം. പെനാൽട്ടി ഷൂട്ടൌട്ടിൽ ഗാബോണിനെ മറികടന്നായിരുന്നു ബുർക്കിനഫാസോയുടെ ക്വാർട്ടർ പ്രവേശം. ഞായറാഴ്ച രാത്രി 8:30 ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മുഹമ്മദ് സലായുടെ ഈജിപ്ത് മൊറോക്കോയെ നേരിടും. വാശിയേറിയ മത്സരത്തിൽ ഐവറികോസ്റ്റിനെ തോൽപിച്ചാണ് ഈജിപ്ത് ക്വാർട്ടറിൽ കടന്നത്.

ടൂർണമെൻറിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ ഈജിപ്ത് കിരീടം തിരിച്ചു പിടിക്കാനുള്ള പടയൊരുക്കത്തിലാണ്. ഞായറാഴ്ച രാത്രി 12:30 ന് സെനഗൽ – ഇക്വിറ്റോറിയൽ ഗിനിയ പോരാട്ടത്തോടെ ടൂർണമെന്റിലെ സെമി ഫൈനൽ ലൈനപ്പാകും. ഇതേവരെ രണ്ടു ഗോൾ നേടിയ സാദിയോ മാനേയാണ് സെനഗലിന്റെ വജ്രായുധം.

ഫെബ്രുവരി മൂന്നിനാണ് സെമി പോരാട്ടങ്ങൾ. ഫെബ്രുവരി 6 ന് രാത്രി 12:30 ന് ഒലെംബെ സ്റ്റേഡിയത്തിലാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലായും സാദിയോ മാനേയും നേർക്ക് നേർ വരുന്ന ഈജിപ്ത് – സെനഗൽ ഫൈനൽ ത്രില്ലറിനായി കണ്ണുംനട്ട് കാത്തിരിക്കുകയാണ് കാൽപന്ത് കളി ലോകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News