
ഒടുവള്ളിത്തട്ട് – നടുവിൽ – കുടിയാൻമല റോഡിന്റെ നവീകരണം ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ രാജ്യസഭാംഗം ശ്രീ ജോൺ ബ്രിട്ടാസ് എംപിക്ക് ഉറപ്പ് നൽകി. പൊതുമരാമത്ത്-വൈദ്യുതി വകുപ്പുകളുമായി ശ്രീ ജോൺ ബ്രിട്ടാസ് എംപി നിരന്തരം ബന്ധപ്പെട്ടുവന്നതിനെ തുടർന്നാണ് കാലങ്ങളായി ഇഴഞ്ഞു നീങ്ങുന്ന റോഡ് നിർമ്മാണത്തിന് ഗതിവേഗം കൈവന്നത്.
റോഡിന്റെ വീതി 12 മീറ്ററാക്കി 7മീറ്റർ മെക്കാഡം എന്ന രീതിയിലേക്ക് മാറ്റിയതിനെ തുടർന്ന് വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായി. എന്നാൽ ഇതിനിടയിൽ പോസ്റ്റുകളുടെ ദൗർലഭ്യം ഉണ്ടാവുകയും ഇതേ തുടർന്ന് വൈദ്യുതമന്ത്രിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ പ്രവൃത്തിയിൽ ഇനിയും കാലതാമസമുണ്ടാകാൻ പാടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കരാറുകാരന്റെ അലംഭാവം പദ്ധതി ഇഴഞ്ഞ് നീങ്ങിയതിന് ഒരു മുഖ്യകാരണമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന് ഏതാനും നാളുകൾക്ക് മുമ്പ് കണ്ണൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗം ശ്രീ ജോൺ ബ്രിട്ടാസ് എംപിയുടെ അദ്ധ്യക്ഷതയിൽ നടന്നിരുന്നു.
തുടർന്ന് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും മഴ കാരണം പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് കാലതാമസം വന്നിരുന്നു. തുടർന്ന് മഴമാറിയ ശേഷം നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു. നിർമ്മാണപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ഫെബ്രുവരിമാസം അവസാനത്തോടുകൂടി റോഡുനിർമ്മാണം ലക്ഷ്യത്തിലെത്തിക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് അധികൃതർ എംപിയെ അറിയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here