സ്ത്രീവിരുദ്ധ സര്‍ക്കുലര്‍ എസ്.ബി.ഐ പിന്‍വലിക്കുക; ഡോ വി ശിവദാസന്‍ എം പി

സ്ത്രീവിരുദ്ധതയും ലിംഗ വിവേചനവും നിറഞ്ഞ സര്‍ക്കുലര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കണമെന്ന് ഡോ.വി.ശിവദാസന്‍ എം പി യൂണിയന്‍ ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

പുതുതായി ബാങ്കില്‍ ജോലിക്കായി ചേരുന്നവര്‍ക്കായുള്ള പ്രമോഷന്‍, മെഡിക്കല്‍ ഫിറ്റ്നസ് & ഒഫ്താല്‍മോളജിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ, 2021 ഡിസമ്പര്‍ 31ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമായ പരാമര്‍ശങ്ങളാണ് ഉള്ളത്. പുതിയ സര്‍ക്കുലര്‍ പ്രകാരം മൂന്ന് മാസം ഗര്‍ഭിണിയായവര്‍ക്ക് മറ്റ് നിര്‍ദ്ദിഷ്ട യോഗ്യതകളെല്ലാം ഉണ്ടെങ്കിലും നിയമനം നല്‍കേണ്ട എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഗര്‍ഭധാരണം അയോഗ്യതയായി കണക്കാക്കേണ്ടതില്ല എന്ന് 2009ല്‍ എസ്.ബി.ഐ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമാനമായ മുന്നുത്തരവുകള്‍ക്ക് എതിരായുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അത് അതിലൂടെ സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന വിവേചനപരമായ നടപടികള്‍ മുമ്പ് എസ്.ബി.ഐ തിരുത്താന്‍ ശ്രമിച്ചിരുന്നു.

രാജ്യത്തെ മുന്‍നിര പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ മാതൃകയാവേണ്ട സ്ഥാപനമാണ് എസ്.ബി.ഐ. എന്നാല്‍, ഇപ്പൊള്‍ നിര്‍ഭാഗ്യവശാല്‍ തൊഴിലിടങ്ങളിലെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള, ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമായ സമീപനമാണ് എസ്.ബി. ഐ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീയാണെന്നും ഗര്‍ഭിണിയാണെന്നും ഉള്ള കാരണങ്ങളാല്‍ ജോലി ചെയ്യാനുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന ഇത്തരം നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ഈ കാരണങ്ങളാല്‍ സീനിയോറിറ്റിയും അവകാശങ്ങളും നഷ്ടപ്പെടുത്തുന്ന രീതികള്‍ പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News