മൂന്നുമാസം ഗര്‍ഭിണിയെങ്കില്‍ എസ്.ബി.ഐ.യില്‍ നിയമനമില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗര്‍ഭിണികളെ നിയമിക്കാന്‍ കര്‍ശന നിയന്ത്രണം. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂവെന്ന് നിര്‍ദേശിച്ച് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

നേരത്തേ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനംമാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്.എസ്.ബി.ഐ.യില്‍ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന 2009-ല്‍ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.

ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമര്‍ദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാര്‍ഥികളുടെ വൃഷണത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിര്‍ദേശം പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, ഡി.വൈ.എഫ്.ഐ. പ്രസിഡന്റ് എ.എ.റഹീം, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവരും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News