തിടുക്കമുണ്ട് കവീ…..റഫീഖ് അഹമ്മദിന് മറുപടിയുമായി യുവകവി കെ ജി സൂരജിന്‍റെ കവിത

സിൽവർ ലൈനിനെ എതിർത്തുകൊണ്ട് കവിതയെഴുതിയ റഫീഖ് അഹമ്മദിന് യുവകവി കെ ജി സൂരജ് നൽകിയ
മറുപടി കവിത ശ്രദ്ധേയമാകുന്നു. കവിത ഇതിനകം
തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കവിതയുടെ പൂർണ്ണരൂപം

‘തിടുക്കമുണ്ട് കവീ’

തിടുക്കമുണ്ട് കവീ,

മകനുണ്ടൊരാൾ

അസുഖബാധിതൻ

കീമോയ്ക്കായ് പോയ് വരണം

ഇടവേളകളിൽ .

അറിയുമോ ഇത്

സപ്തഭാഷാ സംഗമഭൂമി,

മണിക്കൂർ പന്ത്രണ്ടു വേണം,

തീവണ്ടി മണ്ടി മണ്ടിയവിടെയെത്താൻ..

തിരക്കിൽ

ചൂടിൻ താരാട്ടിൽ

കേൾക്കാറുണ്ടവൻ

പാട്ടുകൾ പതിവായ് ..

അതിലേറെപ്രിയം

‘മരണമെത്തുന്ന നേരത്തെന്നവൻ’..

ഉടനെയെൻ കൺകൾ നോക്കിപ്പറയും

അച്ഛാ . .. അതിജീവിക്കും
നമ്മളിതിനെ ..

പലനാൾ പോയ് വന്നൂ, കവീ,

അവനിപ്പോൾ പഠനത്തിൽ, കളികളിൽ

സൂര്യനെപ്പോലൂർജ്ജത്തിൽ

നാട്ടിലൊരു വായനശാല തൻ
ചുമതലയിൽ …

കവീ, പ്രിയ യാത്രികാ ..

സുഖയാത്രകൾ ഏറെ ചെയ്തിടും
സമകാലികാ ..

അറിയുമോ, അസുഖ യാത്ര തൻ
തീവ്രത ..

കഠിനമതികഠിനമതെന്നറിയുക ..

ദുരിതമാണതായാത്രാ ദൂരങ്ങൾ ..

കവിതയെഴുതും പോൽ
സുഖകരമല്ലത്,

ചലച്ചിത്ര ഗാനത്തിൻ ഈരടിയുമല്ലത്.

മണിക്കൂർ നാൽ മതി

തലസ്ഥാനമെത്തുവാൻ,

സമയം തിരിച്ചുപിടിയ്ക്കുന്നയത്ഭുതം .

അതിവേഗറയിലിത് ജീവത
ഘടികാരം ..

അതിനാൽ, അതിനാൽ,

തിടുക്കമുണ്ട് കവീ,

ജീവിത നിലവാരമുയരുന്ന

നാളിലേക്കതിവേഗമെത്തിടാൻ

വികസനമെല്ലാർക്കുമൊരുപോലെയാകട്ടെ..

അതിനാൽ, അതിനാൽ,

അതിവേഗം ചുമന്നു മാറ്റുക

ആകാശയാത്രയിൽ,

വിദൂരകാഴ്ച്ചയിൽ,

വലിച്ചെറിഞ്ഞൊരാ

അജൈവ കവിതാകൽപ്പന !

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News