നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും പെഗാസസ് :എം എ ബേബി

ഇസ്രായേൽ നിർമ്മിതമായ പെഗാസസ് ചാര സോഫ്റ്റ് വെയർ സംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് പത്രം പുറത്തു വിടുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി.

പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ നടത്തിയ ഒരു ഇസ്രായേൽ സന്ദർശനത്തിലാണ് പെഗാസസ് വാങ്ങാൻ തീരുമാനിക്കുന്നത്. ഒരു മിസൈൽ ഇടപാട് അടക്കമാണ് ഈ സന്ദർശനത്തിൽ ധാരണയായത്.
വിവിധ രാഷ്ട്രങ്ങൾക്ക് അവരവരുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ വിവിധ രഹസ്യാന്വേഷണ സംവിധാനങ്ങൾ ഉണ്ട്.

സിവിൽ സംവിധാനങ്ങളുടെയും സൈനിക വ്യവസ്ഥയുടെയും ഭാഗമായി ഇത്തരം സംവിധാനങ്ങളുണ്ട്. പക്ഷേ, ഒരു വിദേശ കമ്പനിയുടെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‌വെയറിലൂടെ മന്ത്രിസഭയിലെ സഹപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ മേൽ ചാരപ്പണി നടത്താൻ ശ്രമിച്ചു എന്നതാണ് പെഗാസസ് വെളിപ്പെടുത്തലുകളിലൂടെ പുറത്തു വരുന്നത്. ഇത് നഗ്നമായും നിയമവിരുദ്ധവും അപലപനീയവുമാണ് എന്നും എം എ ബേബി പറഞ്ഞു.

ബോഫോഴ്സ് പീരങ്കി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി രാജീവ് ഗാന്ധിക്ക് എങ്ങനെ രാഷ്ട്രീയ ദുരന്തമായോ അത്തരത്തിൽ നരേന്ദ്രമോദിയുടെ പതനത്തിന്റെ ആധാരശിലകളിലൊന്നാവും സഹപ്രവർത്തകരടക്കമുള്ളവരിൽ വിദേശ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ ചാരപ്പണി.ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് വിസ്താരം നടന്ന സന്ദർഭത്തിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ആവർത്തിച്ച് അസത്യം പറയുകയായിരുന്നു എന്നകാര്യം സ്മരണീയമാണ്. എക്കാലവും ഫാസിസത്തിന്റെ മുഖ്യ ആശ്രയം പലതരം അസത്യപ്രയോഗങ്ങളാണ് എന്നതും നാം മറക്കാതിരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here