ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ടു വര്‍ഷം

ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ടു വര്‍ഷം. ഇന്ന് മഹാമാരിയുടെ മൂന്നാം തരംഗത്തിനിടയിലും തളരാതെയുള്ള പോരാട്ടം കേരളം തുടരുകയാണ്. ഒന്നും രണ്ടും തരംഗം കേരളം ഒറ്റക്കെട്ടായി നേരിട്ടു. രോഗ നിര്‍ണയത്തിലും വാക്‌സിനേഷനിലും ചികിത്സയിലും തുടര്‍ന്ന സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്രീയത അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച ആരോഗ്യസംവിധാനം സജ്ജാമാക്കി മൂന്നാം തരംഗത്തെ നേരിടുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് ജാഗ്രതയാണ്.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കോറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഭീഷണി തിരിച്ചറിഞ്ഞ് കേരളം മുന്നോരുക്കം ആരംഭിച്ചിരുന്നു. 2020 ജനുവരി 30ന് വുഹാനില്‍ നിന്നും വന്ന തൃശൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയിലൂടെ കേരളത്തില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 25 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ആദ്യഘട്ടത്തില്‍ ആകെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 8ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം ബാധിച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ രാജ്യത്തും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ലോക്ഡൗണില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായി. രോഗ വ്യാപനം വര്‍ധിച്ചിട്ടും മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ ജാഗ്രതയുടെ മികവായി.

മികച്ച കോവിഡ് ചികിത്സയ്ക്കായി പ്രത്യേക കൊവിഡ് ആശുപത്രികളിലും, മറ്റ് ആശുപത്രികളിലുമായി പ്രത്യേകം കിടക്കകള്‍ സജ്ജമാക്കി. സ്വകാര്യ മേഖലയെയും ഒപ്പം കൂട്ടി. മറ്റ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ ഉറപ്പാക്കാന്‍ ഇ-സഞ്ജീവീനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം ആരംഭിച്ചത് ഇന്നും ജനങ്ങള്‍ക്കാശ്വാസമാണ്. രാജ്യത്തിന് തന്നെ മാതൃകയായി ആഗോഗ്യ വകുപ്പ് പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍ കൊവിഡ് പ്രതിരോധത്തില്‍ വലിയ പങ്കു വഹിച്ചു. പൂര്‍ണമായും സൗജന്യവും മികവാര്‍ന്ന ചികിത്സയും കേരളത്തിന്റെ പ്രത്യേകതകളായി. കോറോണയിലൂടെ ഒന്നാം തരംഗം വരവറിയിച്ചപ്പോള്‍, ഡെല്‍റ്റയിലൂടെ രണ്ടാം തരംഗം അതിന്റെ ഉഗ്രരൂപം കാണിച്ച് ഭയപ്പെടുത്തി. ഇപ്പോള്‍ ഒമൈക്രോണിലൂടെ മൂന്നാം തരംഗം അതിന്റെ വ്യാപന തോത് കാണിച്ച് പേടിപ്പിക്കുമ്പോള്‍ കേരളത്തിന്റെ കരുത്ത് സംസ്ഥാനത്തിന്റെ കൃത്യമായ പ്രോട്ടോക്കോളാണ്.

ഇന്ന് കേരളത്തിന്റെ നേട്ടങ്ങളില്‍ ഒന്ന് വാക്‌സിനേഷനാണ്. ആദ്യ ഡോസ് എടുത്തവരുടെ ശതമാനം നേരത്തെ 100 കടന്നു. രണ്ടു ഡോസ് എടുത്തവര്‍ 84ഉം 15നും 17നുനിടയിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനവും കടന്നു. മൂന്നാം തരംഗത്തില്‍ പ്രതിദിന രോധബാധിതരുടെ എണ്ണം അര ലക്ഷം കഴിഞ്ഞപ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 3.4 ശതമാനം മാത്രമാണ്. ഭൂരിഭാഗം ഐ സി യു കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കടക്കകള്‍ എന്നിവ ഒഴിഞ്ഞു കിടക്കുകയുമാണ്. അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് വേണ്ടത്. മൂന്നാം തരംഗത്തില്‍ അടിയന്തര ചികിത്സ വേണ്ടവര്‍ മാത്രം ആശുപത്രിയിലെത്തിയാല്‍ മതി. ഹോം കെയര്‍ ആണ് ഏറെ പ്രധാനം.

(മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഒന്ന് ഓര്‍ക്കുക. സര്‍ക്കാര്‍ കൃത്യമായ ചികിത്സയും പ്രതിരോധവും തീര്‍ത്തിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം എന്നിവ കൈവിടരുത്. ബീ ദ വാറിയര്‍.)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News