വധഗൂഢാലോചന കേസ്; ദിലീപിന് നാളെ നിര്‍ണായകം, സിനിമാ മേഖലയില്‍ നിന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ സാധ്യത

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന് നാളെ നിര്‍ണായകം. ദിലീപ് അടക്കമുളള പ്രതികള്‍ ഉപയോഗിച്ചിരുന്ന ആറ് മൊബൈല്‍ ഫോണുകള്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ഇതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചന. അതിനിടെ കേസില്‍ സിനിമാ മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ഫോണുകള്‍ കൈമാറുന്നത് ഒഴിവാക്കാന്‍ ശക്തമായ ആരോപണങ്ങളും വാദങ്ങളും നിരത്തിയെങ്കിലും വലിയ തിരിച്ചടിയായിരുന്നു ദിലീപ് അടക്കമുളള പ്രതികള്‍ ഹൈക്കോടതിയില്‍ നിന്നും നേരിട്ടത്. ഫോണുകള്‍ നല്‍കില്ലെന്ന നിലപാടെടുത്തതും കൂടുതല്‍ സംശയത്തിന് വഴിവയ്ക്കുകയും ചെയ്തു.

നാളെ 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രര്‍ ജനറലിന് മുദ്രവച്ച കവറില്‍ ആറ് മൊബൈലുകളും കൈമാറാനാണ് നിര്‍ദേശം. ചൊവ്വാഴ്ച വരെ ദിലീപ് സമയം ചോദിച്ചെങ്കിലും കോടതി അതും അനുവദിച്ചില്ല. അനുകൂലമായ സാഹചര്യത്തില്‍ ദിലീപിനെതിരായ കുരുക്കുകള്‍ മുറുക്കുകയാണ് അന്വേഷണ സംഘം. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയില്‍ കേവലം ശാപവാക്കുകള്‍ മാത്രമല്ല, പിന്നീടും വധശ്രമത്തിനുളള ഗൂഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപ് നല്‍കാന്‍ കൂട്ടാക്കാത്ത നാലാമത്തെ ഫോണില്‍ നിന്നും ആറ് കോളുകള്‍ മാത്രമാണ് പോയത്. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഇവ വീണ്ടെടുത്താല്‍ ശക്തമായ തെളിവാകും എന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്. ദിലീപിന്റെ എംജി റോഡിലുളള മേത്തര്‍ ഹോം ഫ്‌ലാറ്റില്‍ വച്ചും നടന്ന ചര്‍ച്ചകളും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

2018 മെയില്‍ ആലുവ പൊലീസ് ക്ലബിലൂടെ പ്രതികള്‍ കടന്നുപോയപ്പോഴും ആക്രമണത്തെക്കുറിച്ച് സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2019 തുടക്കത്തിലും സമാനമായ ഗൂഢാലോചനയുണ്ടായി. ദിലീപിന്റെ ജോലിക്കാരായ ദാസന്‍, സലിം എന്നിവരുടെ മൊഴികളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. വരുംദിവസങ്ങളില്‍ സിനിമാ മേഖലയില്‍ നിന്നടക്കം കൂടുതല്‍ പേരുകള്‍ മൊഴി രേഖപ്പെടുത്തും. ഫോണുകള്‍ വീണ്ടെടുത്ത് പരിശോധിച്ചാല്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ കൂറുമാറ്റാന്‍ ദിലീപ് ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം ഫോണുകള്‍ ഉടന്‍ ഹാജരാക്കാനുളള ഹൈക്കോടതി ഉത്തരവിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News