നിയന്ത്രണങ്ങളില്‍ ഇളവ്: അബുദാബിയില്‍ നാളെ മുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും

അബുദാബിയില്‍ നാളെ മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തും. ആറ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാളെ മുതല്‍ സ്‌കൂളില്‍ എത്തുക. കെ.ജി മുതല്‍ അഞ്ച് വരെയും 12ാം ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ കഴിഞ്ഞ ആഴ്ച സ്‌കൂളില്‍ എത്തിയിരുന്നു.

കൊവിഡിന്റെ വരവിനു ശേഷം ആദ്യമായാണ് അബുദാബിയില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ എത്താന്‍ അനുമതി നല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍. ജനുവരി മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ എത്തിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഒമൈക്രോണ്‍ വ്യാപനം മൂലം ആദ്യ മൂന്ന് ആഴ്ചകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുകയായിരുന്നു.

പിന്നീട് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിന് രണ്ട് ഘട്ടമാക്കി അനുമതി നല്‍കിയെങ്കിലും താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് അവസരമൊരുക്കണമെന്നും ആരെയും നിര്‍ബന്ധിക്കരുതെന്നും എയ്ഡഡ് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അതുകൊണ്ടുതന്നെ ഇ- ലേണിങില്‍ തുടരുന്നവരുമുണ്ട്. നാളെ മുതല്‍ ചില സ്‌കൂളുകളില്‍ 85 ശതമാനം വരെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ട് എത്തും.

96 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റീവ് ഫലമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പി.സി.ആര്‍ ടെസ്റ്റ് എടുക്കാന്‍ എത്തിയതോടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇന്നലെ തിരക്കേറിയെന്നാണ് റിപ്പോര്‍ട്ട്. 12 വയസ്സിനു താഴെയുള്ളവര്‍ക്ക് സലൈവ (ഉമിനീര്‍) ടെസ്റ്റും 12-നു മുകളിലുള്ളവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റുമാണ് നടത്തേണ്ടത്.

14 ദിവസത്തിനിടയില്‍ പരിശോധന ആവര്‍ത്തിക്കുകയും വേണം. തുടര്‍ പരിശോധനയ്ക്കു സ്‌കൂളില്‍ തന്നെ സൗകര്യമൊരുക്കുമെന്ന് അഡെക് സൂചിപ്പിച്ചു. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പി.സി.ആര്‍ ടെസ്റ്റിനു പുറമെ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ഉള്ളവര്‍ക്കേ പ്രവേശനം അനുവദിക്കുകയുള്ളു. രണ്ട് ഡോസ് വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താല്‍ 14 ദിവസത്തേക്ക് അല്‍ഹൊസനില്‍ ഗ്രീന്‍പാസ് ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel