സ്വപ്ന തുല്യമായ പ്രകടനങ്ങൾ കാഴ്ച വച്ച് കിരൺ

ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ കേരളത്തിന്റെ അഭിമാന താരമാണ് കൊച്ചി കടവന്ത്ര സ്വദേശി കിരൺ ജോർജ്. സ്വപ്ന തുല്യമായ പ്രകടനങ്ങൾ കാഴ്ച വച്ചാണ് കിരണിന്റെ കുതിപ്പ്.

ശുഭാങ്കർ ഡേ ഉൾപ്പടെയുള്ള മുൻ നിര താരങ്ങളെ അട്ടിമറിച്ചാണ് സീഡില്ലാ താരമായ കിരൺ ജോർജ് ഒഡീഷ ഓപ്പൺ ബാഡ്മിന്റണിൽ ജേതാവായത്. പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ നിന്നും ബാഡ്മിന്റൺ പാഠങ്ങൾ അഭ്യസിച്ച മധ്യപ്രദേശിന്റെ പ്രിയാൻഷു രജാവത്തിനെ കിരീടപ്പോരാട്ടത്തിൽ കിരൺ വീഴ്ത്തിയപ്പോൾ പിറന്നത് ബാഡ്മിന്റണിലെ ന്യൂജനറേഷൻ മലയാളി ചരിത്രമാണ്.

ഇപ്പോൾ മലയാളി ബാഡ്മിന്റൺ പ്രേമികളുടെ ഹീറോയാണ് കൊച്ചി കടവന്ത്ര സ്വദേശി കിരൺ ജോർജ്. സർവ്വിലും പ്ലേസിംഗിലും റാലികളിലുമെല്ലാം ഏറെ മികവുള്ള ഈ കൊച്ചിക്കാരന് ബാഡ്മിന്റൺ കളി പാരമ്പര്യമായി കിട്ടിയതാണ്.

പിതാവിന്റെയും ചേട്ടന്റെയും പാത പിന്തുടർന്നാണ് കിരൺ ബാഡ്മിന്റൺ കോർട്ടിലേക്കെത്തുന്നത്. അണ്ടർ – 15 , അണ്ടർ – 17, അണ്ടർ – 19 വിഭാഗത്തിൽ ദേശീയ ചാമ്പ്യനായിരുന്ന കിരൺ മുൻ നിര താരങ്ങളായ സമീർ വർമ, എച്ച് എസ് പ്രണോയ്, അജയ് ജയറാം എന്നിവരെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ നടന്ന അണ്ടർ – 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേട്ടവും ഈ മലയാളിയെ തേടിയെത്തി.

ബാഡ്മിന്റൺ ദേശീയ ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ജോർജ് തോമസാണ് കിരണിന്റെ പിതാവ് . സഹോദരൻ അരുൺ ജോർജ് അണ്ടർ – 21 സാഫ് ഗെയിംസ് സ്വർണമെഡൽ ജേതാവായിരുന്നു.

ബെംഗളുരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ നിന്നാണ് കിരൺ ജോർജ് കളി അഭ്യസിച്ചത്. പ്രകാശ് പദുക്കോണും യു വിമൽ കുമാറുമാണ് കിരണിന്റെ പരിശീലകർ. വരുന്ന 2 വർഷത്തിനകം കിരൺ ജോർജിന് ലോക റാങ്കിംഗിലെ ആദ്യ 30 ൽ ഇടം നേടാനാകുമെന്നാണ് ബാഡ്മിന്റൺ പണ്ഡിറ്റുകളുടെ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News