കൊവിഡ് സാമ്പത്തികമാന്ദ്യം; സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, മന്ത്രി കെ എൻ ബാലഗോപാൽ

കൊവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബജറ്റിൽ ഉണ്ടാകണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‌‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ നികുതിനഷ്ടം നികത്തണം

ജിഎസ്‌ടി നഷ്ടപരിഹാര സംവിധാനം അഞ്ചുവർഷംകൂടി തുടരണം. നഷ്ടപരിഹാര കുടിശ്ശിക ലഭ്യമാക്കണം. കേന്ദ്രനികുതി വിഹിതത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണം. എൺപതുകളിൽ 3.92 ശതമാനമായിരുന്ന വിഹിതം നിലവിൽ 1.925 ശതമാനമാണ്‌. 2020–-21ൽമാത്രം 6400 കോടി രൂപയുടെ വരുമാന നഷ്ടമുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ഉയർത്തണം.

കടമെടുപ്പ്‌ പരിധി

പ്രതിവർഷം കാൽ ശതമാനം നിരക്കിൽ കുറയുകയും, 2025–-26ൽ മൂന്നു ശതമാനത്തിലെത്തുകയും ചെയ്യുന്നനിലയിൽ കടമെടുപ്പ്‌ പരിധി ഉപാധിരഹിതമാക്കണം‌. വികസന ഏജൻസികളിൽനിന്നുള്ള വായ്‌പകളെ‌ മൂന്നു വർഷത്തേക്ക്‌ വായ്‌പാ പരിധിയിൽനിന്ന്‌ ഒഴിവാക്കണം.

സെസ്‌, സർചാർജ്‌ യുക്തിഭദ്രമാകണം

ജിഎസ്‌ടിയുടെയും പെട്രോളിയം നികുതിയുടെയും ഭാഗമായ സെസുകളും സർചാർജുകളും പിൻവലിക്കണം. പെട്രോളിനും ഡീസലിനുമടക്കം അടിസ്ഥാന നികുതിയേക്കാൾ ഉയർന്ന നിരക്കിലാണ്‌ സെസും സർചാർജും.

കെ റെയിൽ അനുമതി ഉറപ്പാക്കണം

സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ റെയിൽ അടക്കമുള്ള പദ്ധതികൾക്ക്‌ കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണം. വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള വിപണി വായ്‌പകളെ ധന ഉത്തരവാദിത്വ നിയമത്തിൽനിന്ന് ഒഴിവാക്കണം. തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്‌ വേണം.

കാർഷിക, ചെറുകിട വ്യവസായമേഖലകൾക്കും കശുവണ്ടി, കയർ, കാപ്പി, റബർ, ഏലം, തേയില ഉൾപ്പെടെ നാണ്യവിളകൾക്കുമായി പ്രത്യേക സഹായംവേണം. ധന കമീഷൻ കേരളത്തിനായി ശുപാർശ ചെയ്‌ത 1100 കോടി രൂപയുടെ പ്രത്യേക മേഖലാ സഹായങ്ങൾ അനുവദിക്കണം. തൊഴിലുറപ്പിന്‌ സഹായം ഉറപ്പാക്കണം സഹകരണ ബാങ്കുകൾക്കുള്ള ആദായനികുതി ഇളവുകൾ സഹകരണ സംഘങ്ങൾക്കും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ അയ്യന്‍കാളി നഗര തൊഴിലുറപ്പു പദ്ധതിക്ക്‌ സഹായം അനുവദിക്കണം. തൊഴിലുറപ്പു ദിനങ്ങളും കൂലിയും വർധിപ്പിക്കണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും കേരളം ഉന്നയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News