
രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത് അവസരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് പ്രത്യയശാസ്‌ത്ര കരുത്തില്ല എന്നും കോൺഗ്രസ് വിമത നേതാവ് മണിശങ്കർ അയ്യർ തുറന്നടിച്ചു.
സ്വകാര്യ മാധ്യമ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ജി 23 നേതാവ് കൂടിയായ മണിശങ്കർ അയ്യർ ശക്തമായ ഭാഷയിൽ വിമർശിച്ചത്.
വർത്തമാന ഇന്ത്യയിൽ ബിജെപിക്കും ആർഎസ്എസിനും മുന്നിൽ കോൺഗ്രസിന് അടിപതറുന്നതിനു പ്രധാന കാരണം കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ വീഴ്ച ആണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ മണിശങ്കർ അയ്യർ സൂചിപ്പിക്കുന്നത്.
ആർ എസ്‌എസിനെയും ബിജെപിയെയും നേരിടാൻ ശക്തമായ പ്രത്യയശാസ്‌ത്രബോധം കോൺഗ്രസ് നേതൃത്വത്തിനാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടെയുള്ളവർ അവസരവാദികൾ ആയതിനാൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിന് ഇത് സാധ്യമല്ല. അത് കൊണ്ട് തന്നെ സംഘടനയെ പ്രത്യയശാസ്‌ത്രപരമായി ഉറച്ച ബോധ്യമുള്ളവർക്ക് കൈമാറണം എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടതായി ജോൺ ബ്രിട്ടാസ് എംപി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോൺ ബ്രിട്ടാസ് എംപി പങ്ക് വെച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിലെ ജി – 23 സംഘത്തിലെ മുതിർന്ന നേതാവുമാണ് മണിശങ്കർ അയ്യർ. കോൺഗ്രസിന്റെ പതനത്തിന് ബാബറി മസ്‌ജിദ് തകർച്ചക്കാലത്തെ പ്രധാനമന്ത്രിയായ നരസിംഹറാവു മാത്രമല്ല കാരണം എന്നും കാൽനൂറ്റാണ്ടായി കോൺഗ്രസിന് നില മെച്ചപ്പെടുത്താനാകാത്തതിന് കാരണം വിട്ടുവീഴ്‌ചയില്ലാത്ത മതനിരപേക്ഷ നിലപാടിന്റെ കുറവാണെന്നും മണിശങ്കർ അയ്യർ അഭിമുഖത്തിൽ വിമർശനമുന്നയിച്ചു.
ഗുലാംനബി ആസാദിനെ പോലെയുള്ള ജി 23 നേതാക്കളുമായി യാതൊരു വിധ ചർച്ച നടത്താൻ കഴിഞ്ഞ ആറേഴു വർഷമായി സോണിയാഗാന്ധിയോ രാഹുൽഗാന്ധിയോ തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധിയുടെ കൂടെ വന്നവർ കിട്ടിയ അവസരം മുതലാക്കി പാർട്ടി മാറാൻ ശ്രമിക്കുമ്പോൾ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പ്രത്യയശാസ്‌ത്രങ്ങളാണ് ഞങ്ങളെ നയിക്കുന്നത് എന്ന് തുറന്ന് പറയാനും മണിശങ്കർ അയ്യർ തയ്യാറായി. കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാനാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here