ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരിച്ചത്.

കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നടത്തിയിരുന്നു. ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി പൊലീസിന് പരാതി നല്‍കിയത്.

ഇതിനിടെ, ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറി. ദിലീപിന്‍റെ മൂന്നും സഹോദരന്‍റെ രണ്ടും ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദിന്‍റെ ഒരു ഫോണുമാണ് കോടതിക്ക് ഹാജരാക്കിയത്. ഈ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി തീരുമാനമെടുക്കും. ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്‍റെ നിലപാടെങ്കിലും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതിനിടെ  നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 4 ലേക്ക് മാറ്റി. മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്.

വിപിൻ ലാലിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നു ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം ഫെബ്രുവരി നാലിന് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News