യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡയിലെ എമേഴ്സണിൽ ജനുവരി 19 ന് മൈനസ് 35 ഡിഗ്രി തണുപ്പിൽ മരവിച്ച് മരിച്ച ഗുജറാത്തി കുടുംബത്തെ ആരോ അതിർത്തിയിലേക്ക് കൊണ്ടുവന്ന ശേഷം കടന്നുകളഞ്ഞതായിരിക്കാമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നിഗമനം.
ജനുവരി 12-നാണ് ഇന്ത്യയിൽ നിന്ന് കുടുംബം ടൊറന്റോയിൽ വന്നിറങ്ങിയത്. ജനുവരി 18-നു കാനഡ-യുഎസ് അതിർത്തിയിലെ എമേഴ്സണിലേക്ക് യാത്ര തിരിച്ചു. പിറ്റേന്ന് യു.എസ് . അതിർത്തിക്ക് ചുവടുകൾക്ക് അകലെ മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടു. അതിനു സമീപം വാഹനങ്ങളൊന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടായിരുന്നില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഔദ്യോഗികമായി കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ജഗദീഷ് കുമാർ പട്ടേൽ (39), ഭാര്യ വൈശാലിബെൻ പട്ടേൽ (37), മകൾ വിഹാംഗി പട്ടേൽ (11), മകൻ ധാർമിക് പട്ടേൽ (3) എന്നിവരാണ് മരണപ്പെട്ടത്. ഗാന്ധിനഗറിനടുത്തു ഡിങ്കുച ഗ്രാമത്തിലായിരുന്നു പട്ടേൽ കുടുംബം താമസിച്ചിരുന്നത്. കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ജഗദീഷ് പട്ടേൽ മനുഷ്യക്കടത്തുകാർക്ക് 70 ലക്ഷം രൂപ നൽകിയെന്നാണ് അറിയുന്നത്. ഒരു ലക്ഷത്തോളം ഡോളർ.
കൊടുംതണുപ്പാണ് മരണത്തിന് കാരണമെന്ന് മാനിറ്റോബയിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു.കാനഡയിൽ ആരെങ്കിലുമായി ശത്രുത ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്.
മൃതദേഹം എപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് ഇതുവരെ അറിവായിട്ടില്ല. അന്വേഷണത്തിൽ കനേഡിയൻ അധികൃതരെ സഹായിക്കാൻ ജനുവരി 20 ന് ടൊറന്റോയിലെ കോൺസുലേറ്റിൽ നിന്ന് വിന്നിപെഗിലേക്ക് ഒട്ടവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രത്യേക സംഘത്തെ അയച്ചിരുന്നു.
പണം വാങ്ങി ആളുകളെ കാനഡയിലേക്ക് എത്തിക്കുന്ന ഏജന്റ് എന്ന് കരുതുന്ന ഒരാളെ അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ജഗദീഷ്കുമാർ പട്ടേലും കുടുംബവും സന്ദർശക വിസയിലാണ് കാനഡയിലെത്തിയത്.
Get real time update about this post categories directly on your device, subscribe now.