പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുള്ള റിക്കവറി: വ്യക്തത വരുത്തി പൊലീസ് ആസ്ഥാനം

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച് പൊലീസ് ആസ്ഥാനം വ്യക്തത വരുത്തി. ജീവനക്കാരുടെ ശമ്പളബില്ലില്‍ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ക്ഷേമഫണ്ടുകള്‍, ക്ഷേമപദ്ധതികള്‍ (വെല്‍ഫയര്‍ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്പോര്‍ട്സ് ഫണ്ട്, റെജിമെന്‍റല്‍ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേയ്ക്ക് റിക്കവറിയോ സബ്സ്ക്രിപ്ഷനോ നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി.

അതിന്‍റെ ഫലമായി പദ്ധതികള്‍ അവസാനിപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി സര്‍ക്കാരുമായി കത്തിടപാട് നടത്തുകയും തുടര്‍ന്ന് ധനകാര്യവകുപ്പും പോലീസ് വകുപ്പും യോഗം ചേരുകയുണ്ടായി. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലില്‍ നിന്ന് നടത്താന്‍ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിര്‍ദ്ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദല്‍ സംവിധാനം പോലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന് ദേശസാല്‍കൃതബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളെ പോലീസ് സമീപിച്ചു. ഇതിനെത്തുടര്‍ന്നാണ് വകുപ്പിലെ ജീവനക്കാരില്‍ നിന്ന് ഒരു രൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ഉറപ്പ് നല്‍കിയത്.

ഇതനുസരിച്ച്, ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുന്ന നിലവിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം അനുസരിച്ച് ജീവനക്കാര്‍ ഇ-മാന്‍ഡേറ്റ് നല്‍കുന്ന മുറയ്ക്കാണ് പുതിയ സംവിധാനം നിലവില്‍ വരിക. ശമ്പളബില്ലില്‍ നിന്ന് നിലവില്‍ ഡി.ഡി.ഒമാര്‍ നടത്തുന്ന റിക്കവറിക്ക് പുറമേയുള്ള ക്ഷേമഫണ്ടുകള്‍ ജീവനക്കാര്‍ നല്‍കുന്ന ഇ-മാന്‍ഡേറ്റ് മുഖാന്തിരം എച്ച്.ഡി.എഫ്.സി ബാങ്ക് വഴി റിക്കവറി ചെയ്ത് അതത് ക്ഷേമഫണ്ടുകളിലെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.

ഈ ക്ഷേമഫണ്ടുകള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനു ജീവനക്കാരില്‍ നിന്ന് സബ്സ്ക്രിപ്ഷന്‍ ഈടാക്കിയില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel