മീഡിയവണ്ണിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ സംഭവം; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. മീഡിയവൺ സംപ്രേഷണം ഉടൻ പുനരാരംഭിക്കും. കേസ് ബുധനാഴ്ച പരിഗണിക്കും. മീഡിയവണിന്‍റെ ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടി.  മാധ്യമങ്ങളെ കൂച്ച് വിലങ്ങ് ഇടാനുള്ള കേന്ദ്ര നീക്കം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഇന്ന് രാവിലയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയത്. സുരക്ഷാ കാരണങ്ങളാലുള്ള നടപടിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്‍റെ വിശദാംശങ്ങള്‍ ചാനലിന് ലഭ്യമാക്കാതെയായിരുന്നു കേന്ദ്ര നടപടി. ഇത് രണ്ടാം തവണയാണ് ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേർപ്പെടുത്തുന്നത്.

വിലക്കിന് പിന്നാലെ തീരുമാനം ചോദ്യം ചെയ്ത് മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. സംപ്രേഷണം തടഞ്ഞത് രാജ്യ സുരക്ഷാ കാരണങ്ങളലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു.

ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. അതേസമയം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്പ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആരോപിച്ചു. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി മീഡിയവണ്ണിന്‍റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here