നയമില്ലാത്ത മംഗളപത്ര വായന മാത്രമായി നയപ്രഖ്യാപനം മാറി: എളമരം കരീം എംപി

നയമോ നിലപാടോ ഇല്ലാത്ത, മംഗള പത്രവായനമാത്രമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മാറിയതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. കൊവിഡ് മഹാമാരിയും വിലക്കയറ്റവും മൂലം പ്രയാസമനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളുടെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടു.

സാധാരണക്കാരന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കാണാനുതകുന്ന ഒരു പദ്ധതിയും ആസൂത്രണം ചെയ്യാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പ്രസംഗം നടത്താൻ രാഷ്ട്രപതി നിർബന്ധിതനായി എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

കൊവിഡ് വ്യാപനം തടയുന്നതിലും മരണം പിടിച്ചുനിർത്തുന്നതിലും അമ്പേ പരാജപ്പെട്ട മോഡി സർക്കാർ വാക്‌സിൻ വിതരണത്തിലും കാണിച്ച അലംഭാവം ആഗോള സമൂഹത്തിനുമുന്നിൽ നമ്മെ പരിഹാസ്യരാക്കിയതാണ്. മനുഷ്യർ ജീവവായു കിട്ടാതെ മരിച്ചുവീണുകൊണ്ടിരിക്കുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്ന ഒരു ഗവർമെന്റിനെ മഹാമാരിയെ ഫലപ്രദമായി നിയത്രിച്ചതിന്റെ പേരിൽ പ്രകീർത്തിച്ച രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

കേരളമുൾപ്പെടെയുള്ള ബിജെപിയിതര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നടത്തിയ ഇടപെടലിന്റെയും കോടതി പരാമർശങ്ങളുടെയും ഫലമായി തങ്ങളുടെ വികലമായ വാക്‌സിൻ നയം തിരുത്താൻ നിർബന്ധിതരായ കേന്ദ്ര സർക്കാരാണ് ഇന്ന് ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി എന്നതിൽ അഭിമാനം കൊള്ളുന്നത്. അർത്ഥശൂന്യമായ ഈ പ്രചാരണം അതേപടി നയപ്രഖ്യാപനത്തിലും ഇടം പിടിച്ചു.

പെട്രോൾ ഡീസൽ പാചക വാതക വിലവർധന ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളിലേക്കും കടക്കാത്ത നയപ്രഖ്യാപനം രാജ്യത്തിന്റെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയത്തോടും മൗനം പാലിച്ചു. തൊഴിലില്ലായ്മയും പട്ടിണിയും മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോഴും കോർപ്പറേറ്റുകളെ സഹായിക്കാൻ മാത്രം നയങ്ങളും പരിപാടികളും ആവിഷ്കരിക്കുന്ന കേന്ദ്ര സർക്കാരിനുള്ള മംഗളപത്ര വായന മാത്രമായി രാഷ്ട്രപതിയുടെ പ്രസംഗം അധഃപതിച്ചു എന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ ജീവിത യാഥാർഥ്യങ്ങളോട് ഒരു തരത്തിലും നീതിപുലർത്താത്ത ഒന്നായി നയപ്രഖ്യാപനപ്രസംഗത്തെ ജനങ്ങൾ വിലയിരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News