ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവിന്റെ അപകടമരണം; പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി. വാഹനാപകടത്തില്‍ മരിച്ച സലീഷിന്‍റെ സഹോദരന്‍ ശിവദാസ് ആണ് അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയത്. സലീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു.

2020 ഓഗസ്റ്റ് 30നായിരുന്നു അങ്കമാലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ എറണാകുളം പെന്‍റാ മേനകയിലെ സർവ്വീസ് സെന്‍റര്‍ ഉടമയായ സലീഷ് മരിച്ചത്. സലീഷ് ഓടിച്ചിരുന്ന ഡസ്റ്റർ കാർ അങ്കമാലി ടെൽക് മേൽപ്പാലത്തിന് സമീപത്തുളള ഇരുമ്പ് കൈവരിയിലിടിച്ചായിരുന്നു അപകടം. അന്വേഷണത്തില്‍ വാഹനാപകടം മാത്രമാണെന്നായിരുന്നു കണ്ടെത്തല്‍. ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സര്‍വ്വീസ് ചെയ്തിരുന്നത് സലീഷായിരുന്നു.

മാത്രമല്ല, ദിലീപ് അഭിനയിച്ച വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ അടക്കം ചില സിനിമകളിലും സലീഷ് അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സലീഷ് കാറപകടത്തില്‍ മരിക്കുന്നതും. എന്നാലിപ്പോള്‍ ദിലീപിനെതിരായ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സലീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നുമാണ് സഹോദരന്‍ ശിവദാസന്‍റെ പരാതിയിലെ ആവശ്യം.

സംഭവത്തില്‍ പുനരന്വേഷണം വേണമെന്നും ദുരൂഹത നീക്കണമെന്നും അങ്കമാലി സിഐയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസിനും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിനും ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് 2017ന് ശേഷമാണ്. ഈ കാലയളവില്‍ തന്നെയാണ് ദിലീപിന്‍റെ ഫോണുകള്‍ സലീഷ് സര്‍വ്വീസ് ചെയ്തിട്ടുളളതും.

കേസില്‍ ഇപ്പോള്‍ നിര്‍ണായക തെളിവായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നതും ദിലീപിന്‍റെ ഫോണുകളാണ്. ഇവയെല്ലാം കൂട്ടിയിണക്കുമ്പോള്‍ അപകടത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് സലീഷിന്‍റെ കുടുംബത്തിന്‍റെ ആരോപണം. പരാതി നിലവില്‍ ദിലീപിനെതിരെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel