മാധ്യമങ്ങളുടെ നാവരിയുന്ന നടപടികൾ പിൻവലിക്കണം; മന്ത്രി പി പ്രസാദ്

അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രസ്താവിച്ചു. മീഡിയാവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര ഗവൺമെന്റ് നടപടി പ്രതിഷേധാർഹമാണ്. തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ ഭീഷണിയിലൂടെ നിശ്ശബ്ദരാക്കാനാണ് മോദി ഭരണകൂടം ശ്രമിക്കുന്നതെന്ന് പി പ്രസാദ് പറഞ്ഞു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉൾപ്പെടെ മാധ്യമപ്രവർത്തകരെ നാടുകടത്തിയിട്ടും നിരവധി മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടും മാധ്യമ പ്രവർത്തകരെ നിശ്ശബ്ദരാക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് മറന്നു പോകരുതെന്ന് കൃഷി വകുപ്പ് മന്ത്രി ഓർമ്മിപ്പിച്ചു.

സ്വന്തം താത്പര്യങ്ങൾക്കെതിരായി അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും അവർക്കെതിരെ നടപടിയെടുക്കുന്നതിനും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂ. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏവരും ഇത്തരം നടപടികൾക്കെതിരെ ശബ്ദമുയർത്തണമെന്ന് കൃഷി മന്ത്രി ആവശ്യപ്പെട്ടു.

ഈ നടപടി മാധ്യമ രംഗത്തോട് മാത്രമല്ല ഓരോ പൗരനോടുമുള്ള വെല്ലുവിളിയായേ കാണാനാകുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകൂടം നെറികേടുകളുമായി മുന്നോട്ട് പോകുമ്പോൾ നിശ്ശബ്ദരായിരിക്കാൻ ജനാധിപത്യ ബോധമുള്ള ആർക്കും സാധിക്കുകയില്ല. മീഡിയാവൺ ലൈസൻസ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിക്കുകയും മാധ്യമങ്ങളുടെ നാവരിയുന്ന നടപടി പിൻവലിക്കണമെന്നും കേന്ദ്രഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News