
രാജ്യത്ത് ബി.ജെ.പി.യുടെ വിഭജന രാഷ്ട്രീയത്തിനെതിരേ ബദല്‍ ശക്തിയായി പഴയ സോഷ്യലിസ്റ്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി.ശ്രേയാംസ് കുമാര്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പതിലും ടോഡിയിലും സമാജ്‌വാദി പാര്‍ട്ടി-ആര്‍.എല്‍.ഡി. മഹാ സഖ്യ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. ഇരു സ്ഥലങ്ങളിലും കര്‍ഷകരുമായും ശ്രേയാംസ് കുമാര്‍ കൂടിക്കാഴ്ച നടത്തി.
കര്‍ഷക നിയമം പിന്‍വലിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വേറെ രൂപത്തില്‍ തലപൊക്കുമെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുസ്‌ലിം വിഭജനം ലക്ഷ്യം വെച്ചുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80:20 രാഷ്ട്രീയത്തെ നിര്‍മാര്‍ജനം ചെയ്യണം. മതവും വൈകാരികതയും ആയുധമാക്കിയാണ് ബി.ജെ.പി.യുടെ വോട്ടുപിടിത്തം. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പി.യെ തോല്‍പ്പിക്കണം.
പടിഞ്ഞാറന്‍ യു.പി.യിലെ മണ്ഡലങ്ങളില്‍ ബി.ജെ.പി. കഴിഞ്ഞ തവണ വലിയ മുന്നേറ്റം നേടിയത് മുസാഫര്‍ നഗര്‍ കലാപം പ്രധാന ആയുധമാക്കിയാണ്. ഇത്തവണ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഈ മേഖലയില്‍ മതത്തിനപ്പുറമുള്ള ഐക്യം കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാക്കി. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ഐക്യം പ്രകടമാണ്. അത് യു.പി.യിലെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ്.
ഇതിനെ മറികടക്കാന്‍ വിഭജനത്തിന്റെ രാഷ്ട്രീയം ആയുധമാക്കുകയാണിപ്പോള്‍ ബി.ജെ.പി. ആറുവര്‍ഷം മുമ്പ് കൈരാനയില്‍ നടന്ന സംഘര്‍ഷം ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയാക്കി. മുഖ്യമന്ത്രിയും മുസാഫര്‍ നഗര്‍ കലാപത്തെ ചര്‍ച്ചയില്‍ കൊണ്ടുവന്നു’- ശ്രേയാംസ് കുമാര്‍ പറഞ്ഞു.
പ്രചാരണത്തിനെത്തിയ ബ്രാഹ്മണര്‍ കൂടുതലുള്ള ടോഡി ഗ്രാമത്തില്‍ അവരടക്കം ഇത്തവണ ബി.ജെ.പി.ക്കെതിരാണെന്ന് പരിപാടിക്കു ശേഷം ശ്രേയാംസ് കുമാര്‍ വിശദീകരിച്ചു. ‘ദളിതരും ന്യൂനപക്ഷ-പിന്നാക്ക വിഭാഗവും ബി.ജെ.പി.യെ എതിര്‍ക്കുന്നു. മനസ്സിനെ വിഭജിക്കുന്ന ബി.ജെ.പി.യുടെ തന്ത്രം എല്ലാവരും മനസ്സിലാക്കി. പടിഞ്ഞാറന്‍ യു.പി.യില്‍ എസ്.പി-ആര്‍.എല്‍.ഡി. മഹാസഖ്യം ഇത്തവണ നേട്ടമുണ്ടാക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഗ്പതില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ശ്രേയാംസ് കുമാറിനൊപ്പം ആര്‍.എല്‍.ഡി. ദേശീയ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ശര്‍മയും എസ്.പി. നേതാവ് ശോകേന്ദ്ര ആചാര്യയും പങ്കെടുത്തു. പ്രചാരണ പരിപാടിയില്‍ ജയന്ത് ചൗധരിയുടെ അച്ഛന്‍ അജിത് സിങ്ങിനും മുത്തശ്ശന്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിനുമൊപ്പം അടക്കം സോഷ്യലിസ്റ്റ് പ്രവര്‍ത്തനം നടത്തിയ കര്‍ഷകര്‍ പങ്കെടുത്തതും ശ്രദ്ധേയമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here