
എൺപതുകൾ കണ്ടെടുത്ത മഹാമനുഷ്യൻ
“വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!”
ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലിരമ്പുന്നത് ആ വാക്യമാണ്.
ഫാദർ സി ടി ജോസിന്റെ സ്ഥാനാർഥിത്വമായിരുന്നു 1981–-82ൽ കേരളത്തിലെ ഏറ്റവും വലിയ കലാലയ വാർത്ത. ഒരു കത്തോലിക്കാ പുരോഹിതൻ എസ്എഫ്ഐ സ്ഥാനാർഥിയായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ. അതും തൃശൂർ ബിഷപ് രക്ഷാധികാരിയായ സെന്റ് തോമസ് കോളേജിൽ.
ആ സ്ഥാനാർഥിത്വം പലരെയും ഞെട്ടിച്ചു. അച്ചനെ പിന്തിരിപ്പിക്കാൻ വലിയ ശ്രമമുണ്ടായി. പക്ഷേ, ആ ചെറുപ്പക്കാരൻ വിശ്വാസധീരതയോടെ ഉറച്ചുനിന്നു.
ജോസച്ചൻ ഒരു പ്രതീകമായിരുന്നു.
അതിനു തൊട്ടുമുമ്പാണ് തൃശൂരിൽ ചുമട്ടുതൊഴിലാളി സമരം നടന്നത്. തൊഴിലാളികളുടെ മറുചേരിയിൽ കടയുടമകളായിരുന്നു. ഇടതുപക്ഷവും ക്രൈസ്‌തവരും തമ്മിലുള്ള, അവിശ്വാസികളും വിശ്വാസികളുമായുള്ള, ഏറ്റുമുട്ടലായാണ് വലതുപക്ഷം അതിനെ വ്യാഖ്യാനിച്ചത്. രണ്ടാം വിമോചനസമരം തൃശൂരുനിന്നെന്ന് വലതുപക്ഷമാധ്യമങ്ങൾ പ്രവചിച്ചു. കേരളത്തിൽ വ്യാപാരിവ്യവസായി സംഘടനയുണ്ടാകുന്നത് ആ സമരത്തോടെയാണ്.
ഞങ്ങളൊക്കെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചു:
“കടയിലിരിക്കും മുതലാളീ / നിന്നെക്കാളും വിലയുള്ളവനീ / ചാക്കു ചുമക്കും തൊഴിലാളി / കാറിൽപ്പായും മുതലാളീ / നിന്നെക്കാളും ഗുണമുള്ളവനീ / വണ്ടി വലിക്കും തൊഴിലാളി / വെള്ളയടിച്ച ശവക്കല്ലറ നീ / കൊള്ളക്കാരൻ മുതലാളീ / നെറ്റിവിയർപ്പാലപ്പം നേടും / മനുഷ്യപുത്രൻ തൊഴിലാളി”ബിഷപ് പൗലോസ് മാർ പൗലോസ് മധ്യസ്ഥനായെത്തി. ആ സമരം ഒത്തുതീർന്നു.
വലതുപക്ഷത്തോടു ചേർന്നുനിന്ന കപടപുരോഹിതരെ പേരെടുത്തു വിളിച്ച് “നിനക്കുമുമ്പേ സ്വർഗം കാണും / ചുങ്കക്കാരും വേശ്യകളും” എന്ന് ക്രിസ്‌തുവചനംകൊണ്ട് മറുപടി പറഞ്ഞ, ‘ചെകുത്താന്റെ കൂട്ട’മെന്ന് ചിലരൊക്കെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരുന്ന, അതേ സംഘടനയിലേക്കാണ്, ഒരു ക്രിസ്തീയ പുരോഹിതൻ ഇറങ്ങിവന്നത്. പുതുരുത്തി പള്ളിമേടയിൽനിന്ന് എസ്എഫ്ഐയിലേക്കു വരാൻ ജോസച്ചൻ തുറന്നടച്ച വാതിലിന്റെ ഒച്ച കേട്ട് നടുങ്ങിയത് കേരളത്തിലെ വിശാല വലതുപക്ഷം മുഴുവനുമാണ്.
അന്ന് കേരളവർമയിലെ വിദ്യാർഥിയാണ് ലേഖകൻ. എന്റെയൊക്കെ കോളേജ് പഠനകാലംകണ്ട ഏറ്റവും തീക്ഷ്ണമായ മത്സരമായിരുന്നു അത്. ജോസച്ചന്റെ പാനലിനെ എതിർത്തത് കെഎസ്‌യു– സഖ്യസ്ഥാനാർഥികളായിരുന്നു. പക്ഷേ, ജോസച്ചനെതിരെ രംഗത്തിറങ്ങിയത് എം പി പോളിനെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെയുമൊക്കെ വേട്ടയാടിയ തൃശൂർ സെന്റ് തോമസ് കോളേജിന്റെ പഴമയായിരുന്നു.
ജോസച്ചനുവേണ്ടി സുഹൃത്തുക്കൾ നോട്ടീസിറക്കി. ആ നോട്ടീസിന്റെ ആദ്യവാക്യമാണ് ലേഖനത്തുടക്കത്തിൽ പറഞ്ഞത്: “വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!”
ജോസച്ചൻ ജയിച്ചു. എസ്എഫ്ഐ പാനലാകെ സെന്റ് തോമസിൽ ജയിക്കുന്ന കാലമല്ല. ജോസച്ചന്റെ പാനലിലും തോറ്റവരുണ്ട്. ജോസച്ചൻ ജയിച്ചത് 88 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. പക്ഷേ, അത് തൃശൂരിലെ വിദ്യാർഥി സംഘടനാ ചരിത്രം കണ്ട ഏറ്റവും വലിയ പന്തയങ്ങളിലൊന്നിലെ മഹാവിജയമായിരുന്നു.
എസ്എഫ്ഐയുടെ കൊടിപിടിച്ച് നഗരവഴികളിൽ ജോസച്ചൻ ജാഥ നയിക്കുന്ന ഫോട്ടോ അടിച്ചുവന്നത് പിറ്റേന്നത്തെ ‘ദേശാഭിമാനി’യിൽ മാത്രമല്ല, ചരിത്രത്തിന്റെ താളുകളിൽക്കൂടിയാണ്.
ജോസച്ചൻ കോളേജ് യൂണിയൻ നയിച്ചു. എംഎ കഴിഞ്ഞ് പുറത്തിറങ്ങി. പിന്നാലേ, മൂന്നു പുരോഹിതരോടൊപ്പം സഭയിൽ പുരോഗമന കൂട്ടായ്മയുണ്ടാക്കി. സഭ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും പള്ളിവേല വിലക്കി. അവർ ഒരു കുടിൽവച്ചുകെട്ടി അതിൽ താമസിച്ചു. ആ കുടിലിന് ‘സംഗമം’ എന്നു പേരിട്ടു.
ശിക്ഷ കിട്ടിയവരിൽ ഒരാൾ ഗാർഹസ്ഥ്യത്തിലേക്ക് തിരിഞ്ഞു. ജോസാകട്ടെ, സംന്യാസം കൈവിടാതെ പോരാളിയായി. ബൈബിളിന്റെ വിമോചന ദൈവശാസ്ത്ര വ്യാഖ്യാതാവും ശാസ്ത്ര പ്രചാരകനുമൊക്കെയായി. സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ നേതാവായി. ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതിയുടെ ബിഹാർ സംസ്ഥാന കോ–-ഓർഡിനേറ്ററായി. ഫാ. സ്റ്റാൻ സ്വാമിയെപ്പോലുള്ളവരുടെ പ്രിയങ്കരനായി.
പിന്നീടാണ് ജോസ് ചിറ്റിലപ്പിള്ളി മസ്‌തിഷ്കാർബുദ ബാധിതനായത്. ബിഹാർ വിട്ട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. രോഗശയ്യ വിട്ടെഴുന്നേറ്റപ്പോൾ സഭ ജോസച്ചന് പള്ളിച്ചുമതലകൾ തിരിച്ചുകൊടുത്തു.
സഭയെ അതിനു പ്രേരിപ്പച്ചതെന്താകാം? തങ്ങൾ പള്ളിവേല വിലക്കിയപ്പോൾ സംന്യസ്തനായിരുന്നുകൊണ്ടുതന്നെ മനുഷ്യസേവനത്തിൽ മുഴുകിയ ആ ചെറുപ്പക്കാരന്റെ സ്ഥൈര്യം അവരെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചോ?
അറിയില്ല.
സഭ പള്ളിവേലകൾ തിരിച്ചുനൽകിയപ്പോൾ ജോസച്ചൻ അതു സ്വീകരിച്ചത് എന്തുകൊണ്ടാകാം? പുരോഹിതവൃത്തിയിലിരുന്നുകൊണ്ടും മനുഷ്യസ്നേഹിയാകാമെന്ന പഴയ കോളേജ് പ്രസംഗം അദ്ദേഹം പിന്തുടരുകയായിരുന്നോ?
ആയിരിക്കാം.
സഭാ ദൗത്യം വീണ്ടും ഏറ്റെടുത്ത ജോസച്ചൻ രോഗാവസ്ഥയിൽ ചെയ്യാവുന്ന പള്ളിവേലകൾ ചെയ്‌തു. ആവതുപോലെ പൊതുവേദികളിൽ വരികയും നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. തീർത്തും അവശനായപ്പോൾ സഭ അദ്ദേഹത്തിന് എല്ലാ ശുശ്രൂഷയും കരുതലും നൽകി.
ഇപ്പോഴിതാ ജോസച്ചൻ ചരിത്രമായി, വിശ്വാസികൾക്കും വിപ്ലവകാരികൾക്കും പുരോഹിതർക്കും പൊതുപ്രവർത്തകർക്കും തന്റെ നിറഞ്ഞ ജീവിതം ഒരു വേദപുസ്തകഭാഗംപോലെ വിട്ടുതന്നുകൊണ്ട്.
വെള്ളതേച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഒരു കാലഘട്ടം കണ്ടെടുത്ത മഹാമനുഷ്യാ,
നിന്റെ രാജ്യം വരേണമേ,
ലാൽസലാം!.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here