ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെമി ലൈനപ്പായി

ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെമി ലൈനപ്പായി. കാൽപന്ത് കളി പ്രേമികൾ കാത്തിരിക്കുന്നത് ഈജിപ്ത് – സെനഗൽ സൂപ്പർ ഫൈനലിനാണ്. ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലായുടെ ഈജിപ്തും സാദിയോ മാനേയുടെ സെനഗലും ടൂർണമെന്റിന്റെ സെമിയിലെത്തിയത് ആരാധകരെ ഒട്ടൊന്നുമല്ല ആഹ്ലാദത്തിലാക്കിയിട്ടുള്ളത്.

അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആഫ്രിക്കൻ നാഷൻസ് കപ്പിൽ ആരാധകരുടെ മനം പോലെ  ത്രില്ലർ ഫൈനൽ യാഥാർത്ഥ്യമാകും. ഇതേ വരെ കിരീടത്തിൽ മുത്തമിടാത്ത സെനഗലും ബുർക്കിനാഫാസോയും തമ്മിലാണ് ആദ്യ സെമിഫൈനൽ . ഫെബ്രുവരി 2 ന് രാത്രി 12:30 ന് ജപ്പോമയിലെ ദൌവാല സ്റ്റേഡിയത്തിലാണ് ആദ്യ ഫൈനലിസ്റ്റിനെ കണ്ടെത്താനുള്ള മത്സരം.

കഴിഞ്ഞ തവണ അൾജീരിയക്ക് മുന്നിൽ കിരീടം അടിയറവ് വച്ച സെനഗൽ, സൂപ്പർ താരം സാദിയോ മാനേയുടെ ഗോളടി മികവിലാണ് ഇക്കുറി വിജയ പ്രതീക്ഷയർപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചു തെളിഞ്ഞ താരങ്ങളാണ് സെനഗലിന്റെ കരുത്ത്.

7വട്ടം കിരീടജേതാക്കളായ ഈജിപ്തിന്റെ സെമി എതിരാളി 5 തവണ ജേതാക്കളായ കാമറൂണാണ്. 1986 ലും 2008 ലും കാമറൂണിനെ തോൽപിച്ച് ഈജിപ്ത് ജേതാക്കളായപ്പോൾ  2017ലെ ഫൈനലിൽ ഈജിപ്തിനെ തോൽപിച്ച് റോജർ മില്ലയുടെ നാട്ടുകാർ പകരം വീട്ടി.

ഫെബ്രുവരി 3 ന് രാത്രി 12:30 ന് ഒലെംബെയിലെ പോൾബിയ സ്റ്റേഡിയത്തിലാണ് മുൻ ചാമ്പ്യന്മാർ തമ്മിലുള്ള ത്രില്ലർ സെമി ഫൈനൽ. ആറ് ഗോളുകൾ നേടിയ കാമറൂണിന്റെ വിൻസെന്റ് അബൂബക്കറാണ് മികച്ച ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമൻ .

5 ഗോളുകൾ നേടിയ കാമറൂണിന്റെ തന്നെ കാരി ടോക്കോ ഇക്കാമ്പിയാണ് രണ്ടാം സ്ഥാനത്ത്. കാമറൂൺ താരങ്ങളായ കോളിൻസ് ഫായിയും മാർട്ടിൻ ഹൊങ്ക്ളയുമാണ് അസിസ്റ്റുകളിൽ മുന്നിൽ.  ഫെബ്രുവരി 6 ന് രാത്രി 12:30 ന് ഒലെംബെയിലെ പോൾബിയ സ്റ്റേഡിയത്തിലാണ് ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരെന്നറിയാനുള്ള കലാശപ്പോരാട്ടം. ഏതായാലും ഈജിപ്തും സെനഗലും ഏറ്റുമുട്ടുന്ന ത്രില്ലർ ഫൈനൽ സ്വപ്നം കാണുകയാണ് നാടെങ്ങുമുള്ള കാൽപന്ത് കളി ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here