മലയാളി പെണ്‍കുട്ടിക്ക് സാന്ത്വനമായി മുംബൈ മലയാളി കൂട്ടായ്മ

അഞ്ചു വര്‍ഷത്തോളമായി തളര്‍ന്ന് കിടപ്പിലായിരുന്ന അച്ഛനും ന്യുമോണിയ ബാധിച്ച് സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട സഹോദരനും ഏക ആശ്രയമായ ലക്ഷ്മി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാട് പെടുകയായിരുന്നു.

കുടുംബത്തിലെ ദയനീയാവസ്ഥ കാരണം ഓഫീസില്‍ പോയി ജോലി ചെയ്യാന്‍ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് വീടിനരികെ വഴിയോരത്ത് തട്ടുകട തുടങ്ങിയത്

ഇളംപ്രായത്തില്‍ കുടുംബ ഭാരം ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്ത് മുന്നോട്ടു പോകുമ്പോഴായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ദുരിതത്തിലായ ബിരുധദാരിയായ മലയാളി പെണ്‍കുട്ടിയുടെ അതിജീവന കഥ കൈരളി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തയെ തുടര്‍ന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച സഹായമാണ് ജീവിതം തിരിച്ചു പിടിക്കാന്‍ തുണയായതെന്ന് ലക്ഷ്മി അയ്യര്‍ പറയുന്നു.

തിരിഞ്ഞു കിടക്കാന്‍ പോലും പരസഹായം വേണ്ടിയിരുന്ന വൈദ്യനാഥ അയ്യര്‍ക്ക് ഇപ്പോള്‍ നടക്കാനും സ്വന്തം കാര്യങ്ങളെല്ലാം ചെയ്യാനും ഓപ്പറേഷനിലൂടെ സാധിച്ചു .

അടച്ചുറപ്പില്ലാത്ത അവസ്ഥയിലായിരുന്നു ഇവരുടെ വഴിയോരത്തെ കച്ചവടം. ഇതിനൊരു പരിഹാരമായാണ് സാന്ത്വനം എന്ന സന്നദ്ധ കൂട്ടായ്മ കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു പെട്ടി കട നിര്‍മ്മിച്ച് നല്‍കിയത്.

പ്രദേശത്തെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ചവാന്‍ കൂടാതെ ആന്റണി ഫിലിപ്പ്, ജോയ് നെല്ലന്‍ , അജേഷ് ജോസഫ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേരിട്ടെത്തിയാണ് പുതിയ കടയുടെ താക്കോല്‍ ലക്ഷ്മിക്ക് കൈമാറിയത്.

ചെറിയ പ്രായത്തില്‍ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന മലയാളി പെണ്‍കുട്ടിയുടെ തളരാത്ത പോരാട്ടത്തിന് വലിയ പിന്തുണയാണ് മുംബൈയിലെ മലയാളി സമൂഹം നല്‍കിയത്. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍, കേരളീയ കേന്ദ്ര സംഘടന, ജനപക്ഷം, ഡോംബിവ്ലി കേരളീയ സമാജം, പന്‍വേല്‍ മലയാളി സമാജം, റാഫി ഫൗണ്ടേഷന്‍ കൂടാതെ നിരവധി സുമനസ്സുകളും ഈ കുടുംബത്തിന്റെ കഷ്ടതയറിഞ്ഞു സഹായിച്ചു.

പുതിയ തലമുറയിലെ കുട്ടികള്‍ ലക്ഷ്മിയെ കണ്ടു പഠിക്കണമെന്നാണ് സഹപാഠിയായ ഗോപിക പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ പോരാടി കുടുംബത്തെ ചേര്‍ത്ത് പിടിച്ച ലക്ഷ്മിയുടെ മനോവീര്യം സമൂഹത്തിന് മാതൃകയാണെന്ന് പഴയ സഹപാഠി പറഞ്ഞു.

ഒരു വാര്‍ത്തയെ ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ വെല്ലുവിളികളില്‍ പതറാതെ മുന്നോട്ടു പോയ പെണ്‍കുട്ടിക്ക് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ താങ്ങായത് . ഓപ്പറേഷനിലൂടെ അച്ഛന്റെ ജീവന്‍ രക്ഷിക്കാനും, ചികിത്സക്ക് പണം കണ്ടെത്താനും തട്ടുകട പുനഃസ്ഥാപിച്ച് മുന്നോട്ടുള്ള ജീവിതം സുഗമമാക്കാനും സഹായിച്ച അപരിചിതരായ സുമനസുകള്‍ക്ക് നന്ദി പറയുമ്പോള്‍ ലക്ഷ്മിയുടെ വാക്കുകള്‍ ഇടറുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News