ദിലീപിന്‍റെ കേസ് മറ്റന്നാളത്തേക്ക് മാറ്റി; ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും

നടന്‍ ദിലീപിന്റെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി. ഫോണുകള്‍ ഡിജിപിക്ക് നല്‍കുകയാണെന്ന കോടതിയുടെ പ്രസ്താവനയെ എതിര്‍ത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം.

ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് ദിലീപ് നല്‍കും. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.

നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികള്‍ കോടതിയിലെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. മറ്റന്നാള്‍ ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിക്കും.

ഇന്ന് ഹൈക്കോടതിയില്‍ നടന്ന വാദം ഇങ്ങനെ:

പ്രോസിക്യൂഷന്‍: ദിലീപിന്റെ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ ഒരു ഫോണ്‍ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണില്‍ നിന്നും 12000-ത്തിലേറെ ഫോണ്‍കോളുകള്‍ വിളിച്ചിട്ടുണ്ട്. ദിലീപിന്റെ മറ്റൊരു ഫോണില്‍ ആണ് 2000 കോളുകള്‍ ഉളളതെന്നും കോള്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാല്‍ മാത്രമേ ഫോണ്‍ പരിശോധിക്കാനും കൂടുതല്‍ കാര്യങ്ങല്‍ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോള്‍ തന്നെ ധാരാളം തെളിവുകള്‍ കിട്ടി… കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുന്നത്. സിഡിആറില്‍ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോണ്‍കോളുകള്‍ ചെയ്ത ഫോണേന്താണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ?ഗിച്ചത്.എന്നാല്‍ മൂന്ന് ഫോണുകളാണ് സമര്‍പ്പിച്ചത്. സിഡിആറില്‍ ഉളള മുഴുവന്‍ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം. 2021 ജനുവരി മുതല്‍ ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത്…

കോടതി: അന്വേഷണവുമായി പൂര്‍ണമായി ഹര്‍ജിക്കാര്‍ (ദിലീപും ഒപ്പമുള്ളവരും) സഹകരിച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹതയുണ്ടാവൂ. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങള്‍ കോടതിയില്‍ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങള്‍ക്ക് അനുവദിച്ചതും കസ്റ്റഡിയില്‍ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചതും. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ല.

ഇപ്പോള്‍ രജിസ്ട്രറിയില്‍ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കട്ടെ.. അതിനു ശേഷം വാദം തുടരാം….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here