സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രി

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍  സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ നിരാശപ്പെടുത്തിയതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് ബജറ്റെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു.

സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ക്കു നേര്‍ക്ക് തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലര്‍ത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതേയില്ല.

കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണനയില്ല. റെയില്‍വേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്മെന്‍റ് നയം കൂടുതല്‍ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിന്‍റെ സൂചകളും ബജറ്റില്‍ വേണ്ടത്രയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കാര്‍ഷികമേഖല, ഭക്ഷ്യസബ്സിഡി, ഗ്രാമീണ തൊഴില്‍ പദ്ധതി, കോവിഡ് പ്രതിരോധം എന്നിവയ്ക്കൊക്കെ പോയവര്‍ഷത്തെ ബജറ്റില്‍ ഉണ്ടായിരുന്ന വിഹിതം പോലും ഇല്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു.

വാക്സിനായി മാറ്റി വച്ച തുകയും കുറവാണ്. കഴിഞ്ഞ തവണ 39,000 കോടി മാറ്റിവച്ചിടത്ത് ഇപ്പോൾ അത് 5,000 കോടി മാത്രമേ ഉള്ളൂ. വാക്സീൻ എല്ലാവരിലേക്കും എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനുണ്ട്. അങ്ങനെയുള്ളപ്പോഴാണ് വാക്സീൻ ബജറ്റ് വിഹിതം കുറച്ചതെന്നാണ് പരാതി

പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് ബജറ്റിൽ കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . തൊഴിലുറപ്പ് പദ്ധതിക്കും കഴിഞ്ഞ ബജറ്റിലെ വിഹിതം മാത്രമാണ് ഇത്തവണയും നൽകിയട്ടുള്ളത്. സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും ബാലഗോപാൽ പറയുന്നു. നേരത്തെ നികുതി ഇല്ലായിരുന്നുവെന്നും ധനമന്ത്രി ഓർമ്മപ്പെടുത്തി. കൂടാതെ ഇന്ധനത്തിന് വില കൂടാനുള്ള സാഹചര്യമുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

കെ റെയിലിന് സഹായമുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും നിലവിൽ അതെക്കുറിച്ച് പ്രഖ്യാപനമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിന്‍റെ തനതു പദ്ധതികളായ ഡിജിറ്റല്‍ സര്‍വ്വകലാശാല നീക്കങ്ങള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, എം സേവനം,  ഓപ്റ്റിക്കല്‍ ഫൈബര്‍ വ്യാപനം എന്നിവയെ കേന്ദ്രം മാതൃകയായി ബജറ്റില്‍ കണ്ടത് സന്തോഷകരമാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News