ക്ളീന്‍ എനര്‍ജി ഇന്‍കുബേഷന്‍ സെന്റര്‍ ധാരണാ പത്രം ഒപ്പു വെച്ചു

ഹരിതോര്‍ജ്ജ വികസനത്തിന്റെ ഭാഗമായി ക്ളീന്‍ എനര്‍ജി ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി കേരളസര്‍ക്കാരും ക്ളീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്ററും (സി.ഇ. ഐ.ഐ.സി) ധാരണാ പത്രം ഒപ്പിട്ടു. ലോകോത്തര നിലവാരത്തിലുള്ള ഒരു ക്ലീന്‍ എനര്‍ജി ഇന്‍കുബേഷന്‍ സെന്റര്‍ കേരളത്തില്‍ സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമില്‍ നടന്ന ധാരാണാ പത്രം ഒപ്പിടുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ടാറ്റാ പവര്‍ കമ്പനി സി. ഇ. ഒ ഡോ. പ്രവീര്‍ സിന്‍ഹ, കെ.എസ്.ഇ.ബി.എല്‍ സിഎം.ഡി. ഡോ. ബി. അശോക്, കെ. ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണിക്കൃഷ്ണന്‍, ക്ളീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്റര്‍ സി. ഇ. ഒ ഡോ. ജി. ഗണേഷ് ദാസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി. സി. അനില്‍കുമാര്‍, ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവെഷന്‍ ആന്റ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ജേക്കബ് പൗലോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇ.എം.സി. ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

ഹരിതോര്‍ജ്ജ രംഗത്ത് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഇതിനായി സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ സെന്റര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ഊര്‍ജ്ജകാര്യക്ഷമത ഉയര്‍ത്തുകയും മൊത്തം ഊര്‍ജ്ജോല്പാദനത്തില്‍ ഹരിതോര്‍ജ്ജത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.

ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (BIRAC), റ്റാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബൂഷന്‍ ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെ കേന്ദ്ര സര്‍ക്കാരും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് ക്ലീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്റര്‍ (CEIIC). ക്ളീന്‍ എനര്‍ജി ഇന്‍കുബേറ്റര്‍ സംരംഭകര്‍ക്ക് ലബോറട്ടറി മുതല്‍ വിപണി വരെയുള്ള സഹായം സെന്റര്‍ നല്‍കും. ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും (K-DISC) ക്ലീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്ററുമായി ചേര്‍ന്നാണ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

കേരള സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്ന ഗ്രീന്‍ എനര്‍ജി മിഷന്‍, സ്റ്റാര്‍ട്ട് അപ് മിഷന്‍ തുടങ്ങിയ പരിപാടികളിലും സംരംഭങ്ങളിലും ഉള്‍പ്പെടുത്താവുന്ന നൂതനവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. വൈദ്യുതി മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ വിന്യസിക്കാനും ഇത് കേരളത്തെ സഹായിക്കും. സഹകരണം നിലവില്‍ വരുന്നതോടെ കൃഷിയിടങ്ങള്‍ക്കും ചെറുകിട സംരംഭകര്‍ക്കും കുറഞ്ഞ വിലയില്‍ ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ സി.ഇ. ഐ.ഐ.സിയുടെ ലാബുകളില്‍ പരിശോധിച്ച് നിലവാരം ഉറപ്പു വരുത്തുന്നതിനും അവരുടെ സാങ്കേതിക സഹായത്തോടെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും.

ഹരിതോര്‍ജ്ജ മേഖലയില്‍ വിപുലമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ട് അപ് പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ സഹകരണത്തിലൂടെ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News