സ്വകാര്യവല്‍കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ്: എളമരം കരീം

സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതും, കോര്‍പറേറ്റുകളെ സഹായിക്കുന്നതുമാണ് കേന്ദ്രബജറ്റെന്ന് എം പി എളമരം കരീം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന യാതൊരു പദ്ധതിയും 2022-23 വര്‍ഷത്തെ ബജറ്റിലില്ലെന്നും എം പി പറഞ്ഞു

എളമരം കരീം എം പിയുടെ കുറിപ്പ്

എയര്‍ ഇന്ത്യ സ്വകാര്യ കുത്തകയെ ഏല്‍പിച്ചതിന് ഊറ്റം കൊള്ളുന്ന ബജറ്റ്, നീലാഞ്ചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡ്(എന്‍.ഐ.എന്‍.എല്‍)എന്ന പൊതുമേഖലാ ഉരുക്കുകമ്പനി ഏറ്റെടുക്കാന്‍ സ്വകാര്യമുതലാളിയെ കണ്ടെത്തിയെന്നും, എല്‍.ഐ.സി.യുടെ ഓഹരികള്‍ വില്പന നടത്തുമെന്നും പ്രഖ്യാപിക്കുന്നു.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കോവിഡിന്റെ പുതിയ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യരക്ഷക്കായി കൂടുതല്‍ പണം വകയിരുത്തണമായിരുന്നു. ഇതിനാവശ്യമായ വരുമാനം അതിസമ്പന്നന്മാരുടെ മേല്‍ നികുതി ചുമത്തി ഈടാക്കാമായിരുന്നു. മോഡിസര്‍ക്കാര്‍ കുറച്ച് കൊടുത്ത കോര്‍പറേറ്റ് നികുതി നിരക്ക് പുന:സ്ഥാപിക്കുകയെങ്കിലും ചെയ്യണമായിരുന്നു. എന്നാല്‍ തങ്ങളുടെ ചങ്ങാതിമാരായ കോര്‍പറേറ്റുകള്‍ക്ക് അനിഷ്ടകരമായ യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല.

സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഉയര്‍ത്താനും, സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. അതിന്റെ വിപരീത ദിശയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. തൊഴിലില്ലായ്മ രൂക്ഷമാവുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ തൊഴില്‍ സൃഷ്ടിക്കാനുതകുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല.

കര്‍ഷക സംഘടനകള്‍ ഒന്നിച്ചുന്നയിച്ച ആവശ്യമാണ് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തറവില നിര്‍ണയിക്കുന്ന നിയമ സംവിധാനം വേണമെന്നത്. ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. മാത്രമല്ല രാസവള സബ്‌സിഡി 2021-22 ലെ ബജറ്റില്‍ 140122 കോടി രൂപയായിരുന്നത് പുതിയ ബജറ്റില്‍ 105222 കോടി രൂപയായി കുറച്ചു. ഭക്ഷ്യ സബ്‌സിഡി നടപ്പ് ബജറ്റിലെ 286469 കോടിയില്‍ നിന്ന് 206831 കോടിയായി വെട്ടിക്കുറച്ചു. പെട്രോളിയം സബ്‌സിഡി 6517 കോടിയില്‍ നിന്ന് 5813 കോടി രൂപയായും കുറച്ചു. കൃഷി-അനുബന്ധ കാര്യങ്ങള്‍ എന്നീവകയില്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയത്.

നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിച്ച കാര്‍ഷിക പ്രതിസന്ധി പതിനായിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലും ആരോഗ്യമേഖലക്ക് 2021-22 ലെ ബജറ്റിനേക്കാള്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയത്. ഗ്രാമവികസനത്തിനുള്ള തുക നടപ്പ് ബജറ്റിലുള്ളതിനേക്കാള്‍ കുറച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് 20221-22 ബജറ്റില്‍ 98000 കോടിയുണ്ടായിരുന്നത് പുതിയ ബജറ്റില്‍ 73000 കോടിയായി കുറച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് യാതൊന്നും വകയിരുത്തിയിട്ടില്ല. വിള ഇന്‍ഷുറന്‍സ് സ്‌കീം ഫണ്ട് നടപ്പ് ബജറ്റില്‍ 12480 കോടിയായിരുന്നത് 4000 കോടിയായി വെട്ടിക്കുറച്ചു.

പ്രധാനമന്ത്രി ഗതിശക്തി എന്ന പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യമേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രോജക്ട് പോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനമാണിത്. തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ അദ്ധ്വാനിക്കുന്ന ജനതയെ പാടെ അവഗണിച്ച മോഡി സര്‍ക്കാരിന്റെ ബജറ്റ് തികച്ചും ജനവിരുദ്ധമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here